'ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന സിനിമ, ആത്മാര്‍ഥമായി പരിശ്രമിച്ചു'; നന്ദി പറഞ്ഞ് മമ്മൂട്ടി

ആദ്യദിനം എഴുപത്തഞ്ചോളം ലേറ്റ് നൈറ്റ് ഷോകളാണ് കേരളം അങ്ങോളമിങ്ങോളം നടന്നത്

mammootty thanks audience for kannur squad reception roby varghese raj nsn

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്‍റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താനവതരിപ്പിച്ച ചിത്രത്തിലെ എ എസ് ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വാക്കുകള്‍. 

"കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം", മമ്മൂട്ടി കുറിച്ചു.

കേരളത്തില്‍ 165 കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വ്യാഴാഴ്ച ചിത്രത്തിന്‍റെ റിലീസ്. വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി വന്നതോടെ ആദ്യദിനം എഴുപത്തഞ്ചോളം ലേറ്റ് നൈറ്റ് ഷോകളാണ് കേരളം അങ്ങോളമിങ്ങോളം നടന്നത്. 85 സ്ക്രീനുകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു. ഇന്ന് മുതല്‍ ചിത്രത്തിന്‍റെ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് 250 ല്‍ ഏറെയാണ്. ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയുടെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് വിദേശ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിട്ടുണ്ട്. 

 

എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളം പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്‍റെ കഥ പറച്ചില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് അദ്ദേഹവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാ​ഗതനായ റോബി വര്‍​ഗീസ് രാജ് ആണ് സംവിധാനം. സം​ഗീത സംവിധാനം നിര്‍വ്വഹിച്ച സുഷിന്‍ ശ്യാമിനും കൈയടി ലഭിക്കുന്നുണ്ട്.

ALSO READ : 'സിനിമക്കാര്‍ക്ക് ഇഡി വരുമോയെന്ന ഭയം'; അതിനാല്‍ അഭിപ്രായം പറയാന്‍ മടിയെന്ന് അടൂര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios