വൈറ്റ് ആന്‍ഡ് വൈറ്റില്‍ എത്തുന്ന അച്ചായന്‍, കച്ച മുറുക്കിയ ചന്തു; മമ്മൂട്ടി എന്ന സ്റ്റൈല്‍ സ്റ്റേറ്റ്‍മെന്റ്

കഥാപാത്രങ്ങളുടെ സ്ലാംഗിനൊപ്പം മമ്മൂട്ടി ഏറെ ശ്രദ്ധ പുലര്‍ത്തുന്ന മറ്റൊരു ഘടകമാണ് കഥാപാത്രങ്ങളുടെ സ്റ്റൈലിംഗ്.
 

Mammootty style statement film details

മലയാളത്തിലെ വിഭിന്നമായ പ്രാദേശികഭാഷാ വഴക്കങ്ങള്‍ മമ്മൂട്ടിയോളം പൂര്‍ണ്ണതയില്‍ സ്‍ക്രീനില്‍ എത്തിച്ച അഭിനേതാക്കളില്ല. കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമക്കാരനായ 'ഭാസ്‍കര പട്ടേലരു'ടെയും (വിധേയന്‍) തൃശൂരുകാരന്‍ 'പ്രാഞ്ചിയേട്ടന്‍റെ'യും കോട്ടയംകാരന്‍ 'കുഞ്ഞച്ചന്‍റെ'യുമൊക്കെ പൂര്‍ണ്ണതയില്‍, ഡയലോഗ് ഡെലിവറിയുടെ സൂക്ഷ്‍മാംശങ്ങളില്‍ മമ്മൂട്ടി പുലര്‍ത്തിയ അനിതരസാധാരണമായ ശ്രദ്ധയുണ്ട്. കഥാപാത്രങ്ങളുടെ സ്ലാംഗിനൊപ്പം മമ്മൂട്ടി ഏറെ ശ്രദ്ധ പുലര്‍ത്തുന്ന മറ്റൊരു ഘടകമാണ് കഥാപാത്രങ്ങളുടെ സ്റ്റൈലിംഗ്, വിശേഷിച്ചും വേഷവിധാനം. വസ്‍ത്രധാരണത്തിലെ ചില്ലറ വ്യത്യാസങ്ങള്‍ കൊണ്ടുപോലും അപ്പാടെ മറ്റൊരാളായി മാറുന്ന ഒരു മാജിക്ക് മമ്മൂട്ടിയെന്ന മഹാനടനു സ്വന്തമാണ്. വിവിധ ശ്രേണികളിലുള്ള മമ്മൂട്ടിയുടെ വിജയചിത്രങ്ങളിലും കഥാപാത്രങ്ങളിലും അതിന്‍റെ സൃഷ്‍ടാക്കള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച ചില സ്റ്റൈലിംഗ് പാറ്റേണുകളുണ്ട്. എന്നാല്‍ തീരെ ആവര്‍ത്തനം തോന്നിപ്പിക്കാതെ ഒറ്റയാന്മാരായി നില്‍ക്കുന്ന കഥാപാത്രങ്ങളും മമ്മൂട്ടിയുടെ ഫിലിമോഗ്രഫിയില്‍ ഉണ്ട്.Mammootty style statement film details

മുണ്ടും ജൂബയും ധരിച്ച 'അച്ചായന്‍'

മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് വേഗത്തില്‍ ഓടിയെത്തുന്ന രൂപങ്ങളിലൊന്ന് മുണ്ടും ജൂബയും ധരിച്ച മാസ് നായക കഥാപാത്രങ്ങളാണ്. അവരില്‍ പലരും 'അച്ചായന്മാ'രുമായിരുന്നു. വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രസ് കോഡിലെത്തുന്ന ഈ മധ്യതിരുവിതാംകൂര്‍ ക്രിസ്ത്യന്‍ കഥാപാത്രത്തെ ആദ്യം സ്‍ക്രീനിലെത്തിച്ചത് ജോഷി-ഡെന്നിസ് ജോസഫ് ടീം ആണ്. 1988ല്‍ പുറത്തെത്തിയ 'സംഘം' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ഈ വേഷത്തില്‍ എത്തുന്നത്. രണ്ട് വര്‍ഷത്തിനു ശേഷം മമ്മൂട്ടിയുടെ ആവശ്യപ്രകാരം ടി എസ് സുരേഷ്ബാബുവിനുവേണ്ടി ഒരു തിരക്കഥ എഴുതാനുള്ള ഓഫര്‍ ലഭിച്ചു ഡെന്നിസിന്. 'സംഘം' പോലെ ഒരു ചിത്രം എന്നായിരുന്നു സുരേഷ് ബാബുവിന്‍റെ ആവശ്യം. തുടര്‍ന്ന് മുട്ടത്തുവര്‍ക്കിയുടെ 'വേലി' എന്ന നോവലിനെ അധികരിച്ച് ഡെന്നിസ് എഴുതിയ 'കോട്ടയം കുഞ്ഞച്ചനും' ഇചേ വേഷമായിരുന്നു. ഹെയര്‍കട്ടിലെ വ്യത്യാസത്തിനൊപ്പം ഒരു കൂളിംഗ് ഗ്ലാസ് മാത്രമായിരുന്നു 'കുഞ്ഞച്ചനു'ള്ള വ്യത്യാസം. ഈ ചിത്രം തരംഗമായതോടെ മമ്മൂട്ടിയുടെ 'വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രസ് കോഡി'ല്‍ എത്തുന്ന അച്ചായനും ട്രെന്‍ഡ് ആയി. പല ജാതിയിലും മതത്തിലുമുള്ള 'അച്ചായന്മാരെ' മമ്മൂട്ടിക്ക് പിന്നീട് അവതരിപ്പിക്കേണ്ടിവന്നെന്ന് ഡെന്നിസ് തന്നെ പറഞ്ഞിട്ടുണ്ട്. അത് വാസ്‍തവവുമായിരുന്നു. ജോഷിയുടെതന്നെ 'ധ്രുവ'ത്തിലെ 'നരസിംഹ മന്നാഡിയാരും' ഷാജി കൈലാസിന്‍റെ 'വല്യേട്ടനിലെ' 'അറയ്ക്കല്‍ മാധവനുണ്ണി'യുമടക്കം നിരവധിപേര്‍ ഈ കോസ്റ്റ്യൂമില്‍ സ്ക്രീനിലെത്തി നെഞ്ചുംവിരിച്ച് നിന്നു. അതേസമയം ഒരേ വേഷവിധാനമെങ്കിലും ഈ കഥാപാത്രങ്ങളെ ഒന്നിനൊന്നോട് യാതൊരു സാമ്യവും തോന്നാത്ത തരത്തില്‍ അവതരിപ്പിച്ചു എന്നതാണ് മമ്മൂട്ടിയിലെ അഭിനേതാവിന്‍റെ വലിപ്പം.Mammootty style statement film details

കച്ച മുറുക്കിയ 'ചന്തു'

ഏത് തരത്തിലുള്ള വേഷവിധാനങ്ങള്‍ക്കും ഏറ്റവും അനുയോജ്യനെന്ന് ആസ്വാദകരെക്കൊണ്ട് അടിവരയിടീച്ചവയാണ് മമ്മൂട്ടി അവതരിപ്പിച്ച ചരിത്ര പുരുഷന്മാര്‍. വിശേഷിച്ചും വീരഭാവമുള്ള യോദ്ധാക്കളുടെ വേഷങ്ങള്‍. കച്ച മുറുക്കി, ചുരികത്തലപ്പിലെ മുഴക്കത്തിന്‍റെ അകമ്പടിക്കൊപ്പം കുതിരപ്പുറത്ത് പോകുന്ന നായകന്മാര്‍. എം ടിയുടെ രചനയില്‍, ഹരിഹരന്‍റെ സംവിധാനത്തിലെത്തിയ 'ചന്തു ചേകവര്‍' (ഒരു വടക്കന്‍ വീരഗാഥ/1989) എടുപ്പിലും നടപ്പിലും മലയാളി അന്നുവരെ കാണാത്ത ഒരു നായക ബിംബമായിരുന്നു. കളരിയില്‍ കൊളുത്തിവച്ച നിലവിളക്കിന്‍റെ പ്രഭയിലും ചുരികത്തലപ്പുകളിലെ തീപ്പൊരിയിലും മമ്മൂട്ടിയുടെ ചന്തു സ്ക്രീനില്‍ നിന്നുതിളങ്ങി. കൃത്യം 20 വര്‍ഷത്തിനിപ്പുറവും അതേ തിരക്കഥാകൃത്തിനും സംവിധായകനും മറ്റൊരു ചരിത്ര കഥാപാത്രത്തെ ധൈര്യപൂര്‍വ്വം ഏല്‍പ്പിക്കാന്‍ മറ്റൊരു നടന്‍ ഉണ്ടായിരുന്നില്ല. 'കേരളവര്‍മ്മ പഴശ്ശിരാജ' (2009)യായിരുന്നു ആ ചിത്രം. പത്ത് വര്‍ഷത്തിനിപ്പുറം 'മാമാങ്ക'ത്തിലെ 'ചന്ദ്രോത്ത് വലിയ പണിക്കര്‍' ആണ് ആ ശ്രേണിയില്‍ എത്തിയ അവസാന മമ്മൂട്ടി കഥാപാത്രം. മലയാള സിനിമയ്ക്ക് മുന്‍പുണ്ടായിരുന്ന ബജറ്റിന്‍റെ പരിമിതികളാണ് അത്തരം കഥാപാത്രങ്ങളുടെ എണ്ണം കുറയാനുണ്ടായ പ്രധാന കാരണം.Mammootty style statement film details

ഹൈ-പ്രൊഫൈല്‍ നാഗരികന്‍


തങ്ങളില്‍ ഒരാളെന്ന് തോന്നിപ്പിക്കുന്ന, 'നാടന്മാരാ'ണ് 2000നു ശേഷം മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്തിയ പല വിജയചിത്രങ്ങളിലെയും നായകന്മാര്‍. അതേസമയം കരിയറിന്‍റെ പലകാലങ്ങളിലായി ഉപരിവര്‍ഗ്ഗത്തില്‍ പെട്ട, നാഗരിക ജീവിതം നയിക്കുന്ന നായകന്മാരെ മമ്മൂട്ടി അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. വിഭിന്ന തൊഴിലുകള്‍ ചെയ്യുന്നവരും, വ്യത്യസ്‍ത വ്യക്തിത്വം ഉള്ളവരുമെങ്കിലും വസ്‍ത്രധാരണത്തില്‍ ആ നാഗരികത ദൃശ്യമാക്കുന്നവരായിരുന്നു ആ കഥാപാത്രങ്ങള്‍. ന്യൂഡെല്‍ഹിയിലെ 'ജികെ'യും ക്രോണിക്ക് ബാച്ച്‍ലറിലെ 'സത്യപ്രതാപനു'മൊക്കെ ആവശ്യംവന്നാല്‍ സ്യൂട്ടും ബ്ലേസറും ധരിക്കുന്നവരായിരുന്നു. ഒരേകടലിലെ 'ഡോ: നാഥനും' ഈ ശ്രേണിയിലേക്ക് നീങ്ങിനില്‍ക്കുന്ന കഥാപാത്രമാണ്.Mammootty style statement film details

ഡീഗ്ലാമറൈസ്‍ഡ് 'സുന്ദരന്‍'

പാത്രസൃഷ്‍ടിയിലെ വൈവിധ്യത്തിനായി ഏതറ്റം വരെയുള്ള മേക്കോവറും സ്വീകരിക്കാന്‍ സന്നദ്ധനായൊരു നായക നടന്‍ മലയാളത്തില്‍ മമ്മൂട്ടിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ല. സ്ക്രീനിലെ സുന്ദര പുരുഷനായ മമ്മൂട്ടിയെ ഡീഗ്ലാമറൈസ് ചെയ്‍ത് അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധയിലേക്ക് വേഗത്തില്‍ എത്തിയ നിരവധി ചിത്രങ്ങളുണ്ട്. വിജി തമ്പിയുടെ സംവിധാനത്തില്‍ 1992ല്‍ പുറത്തെത്തിയ 'സൂര്യമാനസ'വും ടി വി ചന്ദ്രന്‍റെ സംവിധാനത്തില്‍ 1994ല്‍ പുറത്തെത്തിയ 'പൊന്തന്‍മാട'യുമായിരിക്കും അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന ചിത്രങ്ങള്‍. പല്ലുന്തിയ 'പുട്ടുറുമീസും' കീറിയ കുപ്പായവും പാളത്തൊപ്പിയും ധരിച്ച 'മാട'യും ഒരുപ്രേക്ഷകനും ഒരു പ്രച്ഛന്നവേഷമായി തോന്നിയില്ല എന്നതിലാണ് മമ്മൂട്ടിയിലെ നടന്‍റെ വിജയം. മേക്കോവറിലെ ഈ അടിമുടി മാറ്റങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങളുടെ പൊള്ളുന്ന ഉള്ള് അദ്ദേഹം സ്‍ക്രീനിലെത്തിച്ചു.Mammootty style statement film details

മിനിമല്‍ ചേഞ്ച്, വന്‍ മാറ്റം

ചില കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി വന്‍ മേക്കോവറുകള്‍ സ്വീകരിച്ചിട്ടുള്ള മമ്മൂട്ടി മിനിമല്‍ ചേഞ്ചുകള്‍ കൊണ്ട് മറ്റു ചില കഥാപാത്രങ്ങളെ ശക്തമായി എസ്റ്റാബ്ലിഷ് ചെയ്‍തിട്ടുണ്ട്. ഉദാഹരണത്തിന് രഞ്ജിത്തിന്‍റെ 'പ്രാഞ്ചിയേട്ടനെ' എടുക്കാം. മുണ്ടാണ് ആ കഥാപാത്രത്തിന്‍റെ സ്ഥിരം വേഷം. കുപ്പായമായി നീളം കൂടിയ ജൂബയോ (വെള്ള നിറം അല്ല), ചിലപ്പോള്‍ സാധാരണത്വം തോന്നുന്ന ഫുള്‍സ്ലീവ് ഷര്‍ട്ടോ ആണ് ഈ കഥാപാത്രത്തിന്‍റെ കോസ്റ്റ്യൂം. ഒപ്പം ഗോള്‍ഡന്‍ ഫ്രെയിം ഉള്ള ഒരു കണ്ണട കൂടി വെക്കുന്നതോടെ മമ്മൂട്ടി ഒറ്റയടിക്ക് 'പ്രാഞ്ചിയേട്ട'മായി മാറുന്നു. ഈ മിനിമല്‍ ചേഞ്ചിലെ വന്‍ ക്യാരക്റ്റര്‍ എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ മറ്റൊരു ഉദാഹരണം നാല് തവണ സ്‍ക്ര്രീനിലെത്തിയിട്ടുള്ള സിബിഐ ഉദ്യോഗസ്ഥന്‍ 'സേതുരാമയ്യര്‍' ആണ്. തേച്ച് വെടിപ്പാക്കിയ കോട്ടണ്‍ പാന്‍റ്സ്, വൈറ്റ് ഷര്‍ട്ട്, ഷൂസ്, ഒപ്പം നെറ്റിയില്‍ ഒരു ചുവന്ന കുറി കൂടിയാവുമ്പോള്‍ അത് മമ്മൂട്ടിയല്ല 'സേതുരാമയ്യര്‍' ആയിമാറുന്നു.Mammootty style statement film details

സ്റ്റൈലിഷ് ഡോണ്‍

സൂപ്പര്‍താരങ്ങളെ പുതുകാലത്തിന് അനുയോജ്യമായി അവതരിപ്പിയ്ക്കുന്നതിന് തുടക്കമിട്ട ചിത്രമായിരുന്നു അമല്‍ നീരദിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന 'ബിഗ് ബി' (2007). മമ്മൂട്ടിയുടെ 2000നു ശേഷമുള്ള ഏറ്റവും സ്റ്റൈലിഷ് കഥാപാത്രവുമായിരുന്നു ചിത്രത്തിലെ 'ബിലാല്‍ ജോണ്‍ കുരിശിങ്കല്‍'. തന്‍റെ ദൃശ്യപരമായ സ്റ്റൈലേസേഷനും താളത്തിനുമൊപ്പം ചേര്‍ന്നുനില്‍ക്കുന്ന രീതിയിലുള്ള കോസ്റ്റ്യൂം ആണ് അമല്‍ നീരദ് മമ്മൂട്ടി ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്ക് നിശ്ചയിച്ചത്. പറയുന്ന സംഭാഷണങ്ങള്‍ പോലെ ചുരുങ്ങിയ മാറ്റങ്ങളേ തത്വത്തില്‍ ആ കഥാപാത്രത്തിന് ഉള്ളായിരുന്നുവെങ്കിലും പ്രകടനം കൊണ്ട് മമ്മൂട്ടി ആ കഥാപാത്രത്തെ പ്രേക്ഷക മനസ്സുകളില്‍ ഉറപ്പിച്ചു. പക്ഷേ ബിലാലിനേക്കാള്‍ സ്റ്റൈലിഷ് ആയ മറ്റൊരു ജനപ്രിയ കഥാപാത്രവുമുണ്ട് മമ്മൂട്ടിക്ക്. 31 വര്‍ഷം മുന്‍പെത്തിയ 'അലക്സാണ്ടര്‍' ആണത്. ജോമോന്‍റെ സംവിധാനത്തില്‍ 1990ല്‍ പ്രദര്‍ശനത്തിനെത്തിയ 'സാമ്രാജ്യ'ത്തിലെ മമ്മൂട്ടിയുടെ സ്റ്റില്ലുകള്‍ പോലും ആരാധകരില്‍ ഇന്നും ആവേശം നിറയ്ക്കുന്നവയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios