CBI 5 audience review : 'സിബിഐ 5' എങ്ങനെയുണ്ട്? ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

'സിബിഐ 5: ദ ബ്രെയിൻ' ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍ (CBI 5 The Brain audience review).

Mammootty starrer film CBI 5 The Brain audience review out

'സേതുരാമയ്യരാ'യി മമ്മൂട്ടി ഇതാ അഞ്ചാമതും എത്തിയിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ 'സിബിഐ 5: ദ ബ്രെയിൻ' എന്ന ചിത്രമാണ് ഇന്ന് പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്. കേരളമെങ്ങും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ 5: ദ ബ്രെയിൻ'  ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായമാണ് ലഭിക്കുന്നതും (CBI 5 The Brain audience review).

ഒന്നാന്തരം ത്രില്ലര്‍ എന്ന അഭിപ്രായങ്ങള്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍. ക്ലൈമാക്സ് ഞെട്ടിച്ചു എന്നും ഒരു കൂട്ടര്‍ പറയുന്നു.  'സേതുരാമയ്യരാ'യി മമ്മൂട്ടി ഗംഭീരമായി എന്ന് ചിത്രം കണ്ടവര്‍ പറയുന്നു. ജഗതിയെ ബുദ്ധിപൂര്‍വമായി ചിത്രത്തില്‍ ഉപയോഗിച്ചുവെന്നുമാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ചിത്രത്തിന് മൊത്തത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ട്..  'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്.  എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ 'സിബിഐ' ചിത്രങ്ങളും സംവിധാനം ചെയ്‍തത്.

'സിബിഐ' സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറികുറിപ്പി'ന് 34 വര്‍ഷം തികഞ്ഞ വേളയില്‍ സംവിധായകന്‍ മധു പങ്കുവച്ച കുറിച്ച് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 'സേതുരാമയ്യർ' തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് 'സിബിഐ' പരമ്പരയിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തന്റെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് 'സിബിഐ' പരമ്പരയിൽ നിന്ന്   മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു.

ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌  ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ  സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി 'സിബിഐ'യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്.

ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌ എൻ സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം, 'സിബിഐ'  അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ സ്വർഗ്ഗചിത്ര അപ്പച്ചൻ, 'സിബിഐ' ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ, ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ.

ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി  ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എന്റെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം കൃഷ്‍ണൻ നായർ സാറിനെയും സാഷ്‍ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌. സ്‍നേഹാദരങ്ങളോടെ, കെ.മധു. മാതാ: പിതാ: ഗുരു: ദൈവം" എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios