'71ൽ അഭിനയകലയെ പുനർനിർവചിക്കുന്ന മമ്മൂക്ക'; മമ്മൂട്ടി കളറാക്കിയ ലൂക്കും മൈക്കിളപ്പനും
ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ഇന്നലെ ഹോട്സ്റ്റാറിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
മലയാളികൾ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ സിനിമയാണ് റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റിൽ പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന റോഷാക്കിൽ അഭിനയിക്കുകയും ഒപ്പം നിർമ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടി. തന്റെ ജീവിതത്തിൽ നേരിട്ട ട്രാജഡിക്ക് കാരണക്കാരനായ ആളെ മരിച്ചു കഴിഞ്ഞും വേട്ടയാടിയ നായകൻ സഞ്ചരിച്ച വഴികൾ പ്രേക്ഷകരിൽ അമ്പരപ്പ് ഉളവാക്കുക ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ റോഷാക്ക് സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിനയവും ചിത്രവും ട്വിറ്ററിൽ ചർച്ചയാകുകയാണ്. മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള ഭാവങ്ങൾ പോലും പ്രേക്ഷകർ എടുത്തുകാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ ലൂക്ക് ആന്റണിയെയും ഭീഷ്മപർവ്വത്തിലെ മൈക്കിളപ്പനെയും താരതമ്യം ചെയ്യുന്നുണ്ട്. രണ്ട് ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ ചിരിയെ എടുത്തുകാട്ടി "ചെകുത്താന്റെ ചിരി" എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടി എന്ന നടൻ സ്കോർ ചെയ്ത ഈ രണ്ട് കഥാപാത്രങ്ങളും മതി ആ സിനിമകൾ വീണ്ടും കാണാനെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി പരാകായ പ്രവേശനം നടത്തിയപ്പോൾ, ബോക്സ് ഓഫീസിലും ചിത്രം വെന്നിക്കൊടി പാറിച്ചു. ഇടയ്ക്ക് മോഹൻലാലിന്റെ മോൺസ്റ്ററും നിവിൻ പോളിയുടെ പടവെട്ടും റിലീസ് ചെയ്തെങ്കിലും തിയറ്റർ കൗണ്ട് നിലനിർത്താൻ റോഷാക്കിനായി. മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ചു നിന്നിരുന്നു. പ്രത്യേകിച്ച് ബിന്ദു പണിക്കർ. ഒരിടവേളയ്ക്ക് ശേഷം ബിന്ദു പണിക്കർ അവതരിപ്പിച്ച ശക്തമായ കഥാപാത്രം ആയിരുന്നു ചിത്രത്തിലേത്.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.
'ഇന്നെന്റെ മകൾക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്': വൈറൽ കുറിപ്പ്