'നിങ്ങളുടെ റിവ്യൂസ് വായിച്ചുകൊണ്ടേയിരിക്കുന്നു'; 'നന്‍പകല്‍' സ്വീകരിച്ച പ്രേക്ഷകരോട് മമ്മൂട്ടി
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത
സമീപകാലത്ത് മലയാള സിനിമയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ടീം ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനായി സിനിമാപ്രേമികള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷക പ്രതികരണങ്ങളില്‍ ചുരുങ്ങിയ വാക്കുകളില്‍ തന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
നന്‍പകല്‍ നേരത്ത് മയക്കത്തിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങള്‍ വായിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. പകര്‍ന്നുകൊണ്ടിരിക്കുന്ന ഈ സ്നേഹം എന്നെ വിനയാന്വിതനാക്കുന്നു, ലിജോയ്ക്കൊപ്പം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ALSO READ : 'എന്തൊരു മമ്മൂട്ടി'! തിയറ്റര്‍ റിലീസിലും മികച്ച പ്രതികരണവുമായി നന്‍പകല്‍ നേരത്ത് മയക്കം
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.