Puzhu Release : 'പുഴു' ഉടൻ ഒടിടിയിൽ എത്തും; ഉറപ്പുനൽകി മമ്മൂട്ടി

ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അമല്‍ നീരദ് ആയിരുന്നു സംവിധാനം.

mammootty movie puzhu streaming soon on sony liv

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി (Mammootty)  ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ സിനിമയാണ് 'പുഴു'(Puzhu). കഴിഞ്ഞ ദിവസം ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 

റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. സംവിധായികയും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.

സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്. ദുൽഖറിന്റെ സല്യൂട്ടിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രവും ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഇന്ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സല്യൂട്ട് കഴിഞ്ഞ ദിവസം തന്നെ സോണി ലിവിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. 

അതേസമയം, സല്യൂട്ട് ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധവുമായി കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും ഫിയോക് വിലക്ക് ഏർപ്പെടുത്തി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒടിടിയിൽ എത്തുന്നതെന്നും സംഘടന. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്

കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത്‌ ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി. 

ദുല്‍ഖര്‍ സല്‍മാനെ  നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. 

ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അമല്‍ നീരദ് ആയിരുന്നു സംവിധാനം. നിലവില്‍ സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഹേയ് സിനാമികയാണ് ദുല്‍ഖറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

Latest Videos
Follow Us:
Download App:
  • android
  • ios