2180 പേർ, രാപ്പകലില്ലാത്ത കഠിനാധ്വാനം; 'കണ്ണൂർ സ്ക്വാഡ്' സർപ്രൈസുമായി മമ്മൂട്ടി
നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂർ സ്ക്വാർഡിന്റെ സംവിധായകൻ.
കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയിലെ വേറിട്ടൊരു അഭിനേതാവിനെ കൂടി കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സെപ്റ്റംബർ 28ന് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തും. ഈ അവസരത്തിൽ പ്രേക്ഷകർ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് മമ്മൂട്ടി.
കണ്ണൂർ സ്ക്വാഡിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ പഞ്ച് ഡലോഗുകളും ഷൂട്ടിംഗ് രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 2180 പേരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നും രാപ്പകലില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലമാണ് രണ്ട് ദിവസത്തിന് ശേഷം തിയറ്ററിൽ എത്താൻ പോകുന്ന ചിത്രമെന്നും ഉറപ്പിക്കുന്നുണ്ട് വീഡിയോ.
നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂർ സ്ക്വാർഡിന്റെ സംവിധായകൻ. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമ കൂടിയാണ് കണ്ണൂർ സ്ക്വാഡ്. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നൽകുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസ് തിയറ്ററുകളിൽ എത്തിക്കും. മമ്മൂട്ടിയ്ക്കൊപ്പം കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.
അതേസമയം, ബസൂക്ക, ഭ്രമയുഗം, കാതല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. കാതലിന്‍റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞതാണ്. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ഭ്രമയുഗത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
അവൾ നഴ്സാണ്, ഒരു കുഞ്ഞുമുണ്ട്; കേസ് കൊടുക്കണമോ ? ആശയക്കുഴപ്പത്തിൽ സുപ്രിയ