മനുഷ്യരുടെ മാനസിക സംഘർഷം, മമ്മൂട്ടിയുടെ ചങ്കൂറ്റം, 'വിപ്ലവാത്മക വിജയ'വുമായി 'കാതൽ', ടീസർ
ഇത്തരമൊരു കഥാപാത്രം ചെയ്യാനുള്ള മമ്മൂട്ടിയുടെ ചങ്കൂറ്റം സമ്മതിക്കണം എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
കഴിഞ്ഞ അൻപതിലേറെ വർഷമായി മമ്മൂട്ടി എന്ന നടൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ്. അവയിൽ ഏറെയും വ്യത്യസ്ത കഥാപാത്രങ്ങള്‍. എന്നാൽ ഈ കാലത്തിനിടയിൽ മമ്മൂട്ടി അവതരിപ്പിക്കാത്തൊരു കഥാപാത്രം ആയിരുന്നു കാതലിലേത്. സ്വവർഗാനുരാഗി ആയ കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ അത് പ്രേക്ഷകർക്ക് സമ്മാനിച്ചത് മികച്ചൊരു സിനിമാനുഭവം. കാതൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കാതലിലെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും വേദനയും ചില സംഭാഷണങ്ങളും കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒപ്പം 'വിപ്ലവാത്മകമായ വിജയം' എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരമൊരു കഥാപാത്രം ചെയ്യാനുള്ള മമ്മൂട്ടിയുടെ ചങ്കൂറ്റം സമ്മതിക്കണം എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
നവംബർ 23നാണ് കാതൽ ദ കോർ തിയറ്ററിൽ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ഗോവൻ ചലച്ചിത്ര മേളയിലും സിനിമ പ്രദർശിപ്പിച്ചിരുന്നു. ഓമന എന്ന കഥാപാത്രമായി ജ്യോതിക എത്തിയപ്പോൾ മാത്യു ദേവസി ആയാണ് മമ്മൂട്ടി എത്തിയത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്, ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
വരുന്നത് 'ബിലാൽ' അല്ല, 'ബിഗ് ബി' വമ്പൻ ട്രീറ്റ് ലോഡിംങ് ! ആവേശത്തിമിർപ്പിൽ ആരാധകർ
അതേസമയം, ടര്‍ബോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് മമ്മൂട്ടി ഇപ്പോള്‍. നൂറ് ദിവസം ചിത്രീകരണം നടക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ. നിര്‍മാണം മമ്മൂട്ടി കമ്പനി. ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകളില്‍ ഒന്ന്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രം ഹൊറര്‍ മൂഡില്‍ ഉള്ളതാണ്. ബസൂക്ക ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ഇവ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് വിവരം.