മമ്മൂട്ടിയുടെ 'അച്ചൂട്ടി'; 33 വർഷങ്ങൾക്കിപ്പുറവും ആവേശം ചോരാതെ അമരം, ചലച്ചിത്രമേളയിൽ വൻവരവേൽപ്പ്
സിനിമാ ജീവിതത്തിൽ അൻപത് വർഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയിൽ 'അമരം' പ്രദർശിപ്പിച്ചത്.
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അച്ചൂട്ടി. ഭരതന്റെ സംവിധാനം 1991ൽ റിലീസ് ചെയ്ത അമരത്തിലേതാണ് ഈ കഥാപാത്രം. ഇന്നും കാലാനുവർത്തിയായി നിലനിൽക്കുന്ന ചിത്രത്തിൽ മുരളി, അശോകൻ, മാധു, കെപിഎസി ലളിത തുടങ്ങി ഒരുപിടി മികച്ച കലാകാരന്മാരുടെ പ്രകടനം പ്രേക്ഷകർ ഇന്നു ആവേശത്തോടെ കണ്ടിരിക്കാറുണ്ട്. റിലീസ് ചെയ്ത 33 വർഷങ്ങൾ പിന്നിട്ട ചിത്രം വീണ്ടും തിയറ്ററിൽ എത്തിയെന്നത് സിനിമാസ്വാദകരിൽ ചെറുതല്ലാത്ത സന്തോഷം തന്നെ സമ്മാനിച്ചിട്ടുണ്ട്.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ 'അമരം' പ്രദർശിപ്പിച്ചത്. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകൻ മധു അമ്പാട്ടാണ്. മധു അമ്പാട്ടിനൊപ്പം സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും കൂടിയായിരുന്നു ഡെലിഗേറ്റുകൾ.
സിനിമയുടെ പല രംഗങ്ങൾക്കും വൻ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓർമ പുതുക്കൽ വേദി കൂടിയായി പ്രദർശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയിൽ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തിൽ അൻപത് വർഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയിൽ 'അമരം' പ്രദർശിപ്പിച്ചത്.
വൈവിധ്യങ്ങളുടെ സിനിമാ കാലം; പ്രേക്ഷക മനം കീഴടക്കി ഫെമിനിച്ചി ഫാത്തിമ ഉൾപ്പടെയുള്ള പടങ്ങൾ
മേളയിൽ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങളാണ് റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അമരത്തിന് പുറമെ 1:1.6, ആൻ ഓഡ് ടു ലോസ്റ്റ് ലവ്, പിൻവാതിൽ, ഒകാ മാഞ്ചീ പ്രേമ കഥ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ. ഛായാഗ്രഹണത്തിന്റെ വ്യാകരണവും ദൃശ്യസാധ്യതകളും കാലത്തിനും ദേശത്തിനും അതീതമായി നവീകരിച്ച ചലച്ചിത്ര പ്രവർത്തകനാണ് മധു അമ്പാട്ട്. സമാന്തര സിനിമാ മേഖലയോടും കലാമൂല്യങ്ങളോടും പ്രതിബദ്ധത പുലർത്തിയ അദ്ദേഹം കമ്പോളത്തിന്റെ സാധ്യതകളിലേക്കോ സമരസപ്പെടലുകൾക്കു വേണ്ടിയോ തന്റെ ക്യാമറകണ്ണുകൾ തുറക്കുകയും ചെയ്തില്ല. പുതുമയുള്ള സിനിമകളുടെ സാക്ഷാകാരത്തിനായി പുതുമുഖ സംവിധായകരോടും സാങ്കേതികതപ്രവർത്തകരോടും സഹകരിക്കുന്നതിനു അദ്ദേഹത്തിന്റെ പ്രതിഭ തടസ്സമായില്ല എന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..