ഇത് അതു തന്നെ! കരിയറില്‍ ആദ്യമായി അത്തരമൊരു റോളില്‍ മമ്മൂട്ടി; ഇതാ ഒഫിഷ്യല്‍ ആയ ആദ്യ സൂചന

കൊച്ചി, മൂന്നാര്‍ പ്രധാന ലൊക്കേഷനുകള്‍

mammootty gautham vasudev menon movie first look poster tomorrow on mammootty birthday

എപ്പോഴും പുതുമയ്ക്കായി ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. താരപരിവേഷത്തിനപ്പുറത്ത് തന്നിലെ നടന് പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ അവസരം നല്‍കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം സമീപകാലത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രങ്ങളിലും അങ്ങനെ തന്നെ. ഇപ്പോഴിതാ ഗൗതം വസുദേവ് മേനോന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പുറത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ നാളെ (സെപ്റ്റംബര്‍ 7) ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിടും എന്നതാണ് അത്. എന്നാല്‍ ഇത് സംബന്ധിച്ച് പുറത്തുവിട്ടിരിക്കുന്ന പോസ്റ്ററിലെ ചില സൂചനകള്‍ ആരാധകര്‍ക്ക് ശരിക്കും ആവേശം കൊള്ളാനുള്ളതുണ്ട്. മറ്റുള്ളവര്‍ക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി എന്ന വാചകമാണ് പോസ്റ്ററില്‍ ഉള്ളത്. വിശ്വ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കുറ്റാന്വേഷക കഥാപാത്രം ഷെര്‍ലക് ഹോംസ് ഒരു കൃതിയില്‍ പറയുന്ന വാചകമാണ് ഇത്. ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ദി അഡ്വഞ്ചര്‍ ഓഫ് ദി ബ്ലൂ കാര്‍ബങ്കിള്‍ എന്ന ചെറുകഥയിലാണ് ഈ വാചകമുള്ളത്.

ഒരു ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ആണ് ഈ ചിത്രമെന്ന് നേരത്തെ സൂചനകള്‍ എത്തിയിരുന്നു. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് അവതരിപ്പിക്കുന്നതെന്നും. ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ആദ്യമായാണ് ഇത്തരത്തിലൊരു സൂചന തങ്ങളുടെ ഒരു ഒഫിഷ്യല്‍ പബ്ലിസിറ്റി മെറ്റീരിയലില്‍ ഉള്‍പ്പെടുത്തുന്നത്. 

സംവിധായകനായി ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. സൂരജ് ആര്‍, നീരജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഉടന്‍ പാക്കപ്പ് ആവും. 

ALSO READ : കൈത്താങ്ങായി മമ്മൂട്ടി; കെയര്‍ ആന്‍ഡ് ഷെയറിലൂടെ മഞ്ജിമയ്ക്ക് പുതുജന്മം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios