'ബ്രഹ്‍മപുരത്ത് എന്തെങ്കിലും ചെയ്യണ്ടേ? പൂനെയില്‍ നിന്ന് എത്തിയതിന് പിറ്റേന്ന് മമ്മൂക്കയുടെ വിളി വന്നു'

"നമ്മള്‍ ചെയ്താല്‍ പിന്നെ മറ്റുള്ളവര്‍ക്കും പ്രചോദനമാകും എന്ന മമ്മൂക്കയുടെ ആത്മവിശ്വാസത്തിന്‍റെ ഉറപ്പില്‍ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു"

mammootty asked about brahmapuram and things to do says care and share foundation director robert kuriakose nsn

മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം നടത്തുന്ന സൗജന്യ പരിശോധന ഇന്നു മുതല്‍ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ഇപ്പോഴിതാ പദ്ധതി നടപ്പാക്കാന്‍ മമ്മൂട്ടി എടുത്ത തീരുമാനത്തെക്കുറിച്ചും അത് സംബന്ധിച്ച ആലോചനകളെക്കുറിച്ചും പറയുകയാണ് മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഫൌണ്ടേഷന്‍ ഡയറക്റ്ററുമായ റോബര്‍ട്ട് കുര്യാക്കോസ്.

റോബര്‍ട്ട് കുര്യാക്കോസിന്‍റെ കുറിപ്പ്

പുണെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് മമ്മൂക്കയുടെ വിളി വരുന്നത്. 'ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?' ആ ചോദ്യത്തിലുണ്ടായിരുന്നു കടലോളമുള്ള കരുതല്‍. 'നമ്മള്‍ ചെയ്താല്‍ പിന്നെ മറ്റുള്ളവര്‍ക്കും പ്രചോദനമാകും' മമ്മൂക്കയുടെ ഈ ആത്മവിശ്വാസത്തിന്റെ ഉറപ്പില്‍ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂക്കയുടെ സന്തത സഹചാരിയും കെയര്‍ ആന്റ് ഷെയറിന്റെ സാരഥികളിലൊരാളുമായ എസ്.ജോര്‍ജ്, സംഘടനയുടെ നേതൃസ്ഥാനത്തുള്ള കെ.മുരളീധരന്‍,ഫാ.തോമസ് കുര്യന്‍ എന്നിവരുമായി തുടര്‍ചര്‍ച്ചകള്‍. രാജഗിരി ആശുപത്രിയും,ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും പങ്കാളികളായി അതിവേഗം കടന്നുവരുന്നു. 

ആദ്യഘട്ടത്തില്‍ രാജഗിരിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം എന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തുന്നു. വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേല്‍നോട്ടം. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ വിഷപ്പുക ഏറ്റവും കൂടുതല്‍ ബാധിച്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്ത് നിന്ന്  രാജഗിരിയിലെ ഡോക്ടര്‍മാരുടെ സംഘം പര്യടനം തുടങ്ങി. അവര്‍ മൂന്നുദിവസങ്ങളില്‍ മരുന്നുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മാസ്‌കുകളുമായി ശ്വാസംമുട്ടിക്കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ വീടിനടുത്തേക്കെത്തും. 

ഇത് ഒരു തുടക്കം മാത്രമാണെന്ന് മമ്മൂക്കയുടെ ഓര്‍മപ്പെടുത്തല്‍. ബുധന്‍,വ്യാഴം ദിവസങ്ങളില്‍ യഥാക്രമം കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട,തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയലെ വടക്കേ ഇരുമ്പനം എന്നിവിടങ്ങളില്‍ മെഡിക്കല്‍സംഘം പരിശോധന പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ തുടര്‍പ്രവര്‍ത്തനങ്ങളും ഉടനെയുണ്ടാകും. ഇത് മമ്മൂട്ടി എന്ന മനുഷ്യന്റെ,അദ്ദേഹത്തിന് അപരനോടുള്ള അപാരമായ കരുതലിന്റെ അടയാളങ്ങളിലൊന്നുമാത്രം. ആ മനസ്സില്‍ ഇനിയുമുണ്ട് ഒപ്പമുള്ളവരുടെ സങ്കടങ്ങള്‍ ഒപ്പുന്നതിനുള്ള സ്‌നേഹത്തൂവാലകള്‍. ആ യാത്രയില്‍ ഒപ്പം ചേരാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യതകളിലൊന്ന് എന്നത് വ്യക്തിപരമായ സന്തോഷം,അഭിമാനം.

ALSO READ : 'സെല്‍ഫി'യുടെ നാലിരട്ടി കളക്ഷനുമായി രണ്‍ബീര്‍ കപൂര്‍ ചിത്രം; 'ടിജെഎംഎം' ഇതുവരെ നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios