'അമല്‍ കൊണ്ടുവന്നത് ഫോര്‍ ബ്രദേഴ്സിന്‍റെ സിഡി'; 'ബിഗ് ബി' സംഭവിച്ചതിനെക്കുറിച്ച് മമ്മൂട്ടി
"അമല്‍ നീരദിനെ എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം ഒരു ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാണ്"
മുഖ്യധാരാ മലയാള സിനിമയുടെ കാഴ്ചപ്പാടില്‍ നവ ഭാവുകത്വം കൊണ്ടുവന്ന സിനിമയായിരുന്നു അമല്‍ നീരദിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ബിഗ് ബി. 2007 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ഇപ്പോഴിതാ, അമല്‍ നീരദിലേക്കും ബിഗ് ബിയിലേക്കും താന്‍ എത്താന്‍ ഇടയായ സാഹചര്യം വിശദീകരിക്കുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതേക്കുറിച്ച് പറയുന്നത്.
ഫോട്ടോഗ്രഫിയിലെ മികവും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് അമല്‍ നീരദിലേക്ക് തന്നെ അടുപ്പിച്ചതെന്ന് മമ്മൂട്ടി പറയുന്നു- അമല്‍ നീരദ് ഒരു സിഡിയാണ് എന്‍റെ കൈയില്‍ കൊണ്ടുത്തന്നത്. ഫോര്‍ ബ്രദേഴ്സ് എന്ന സിനിമയുടെ സിഡി. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് പറഞ്ഞു. അമല്‍ നീരദിനെ എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം ഒരു ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാണ്. മലയാളത്തില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന ഒരു ഫോട്ടോഗ്രഫി തുടങ്ങുന്നത് അമലിന്‍റെ ആ സിനിമയിലൂടെയാണ്. അമലിന്‍റെ ശിഷ്യന്മാരാണ് പിന്നീട് മലയാള സിനിമയുടെ ഛായാഗ്രഹണത്തില്‍ മാറ്റം വരുത്തിയത്. ഫോട്ടോഗ്രഫി, സിനിമയെക്കുറിച്ചുള്ള സമീപനം, സങ്കല്‍പങ്ങള്‍ ഒക്കെ കൊണ്ടാണ് അമല്‍ നീരദിനെ ഇഷ്ടപ്പെട്ടത്. സൌത്ത് അമേരിക്കന്‍ സിനിമയുടെയോ സ്പാനിഷ് സിനിമയുടെയോ ഒക്കെ ഫ്ലേവര്‍ ഉള്ള സിനിമ. ബ്രീത്തിംഗ് ഷോട്ടുകളും ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളും ഒക്കെയുള്ള സിനിമകളോട് ഒരു ആഭിമുഖ്യമുള്ള കാലമാണ് അത്. അത്തരം ഒരു സിനിമ മലയാളത്തില്‍ എടുക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ നമ്മള്‍ അതില്‍ ഉണ്ടാവണ്ടേ എന്ന് തോന്നിയിട്ടാണ് ബിഗ് ബിയിലേക്ക് വരുന്നത്, മമ്മൂട്ടി പറയുന്നു.
ALSO READ : 'നന്‍പകല്‍' മാത്രമല്ല; ലിജോയുമായി ആലോചിച്ച സിനിമകളെക്കുറിച്ച് മമ്മൂട്ടി
ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ഭീഷ്മ പര്‍വ്വം കഴിഞ്ഞ വര്‍ഷമാണ് പുറത്തെത്തിയത്. ഇതും തിയറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്.