'മാളികപ്പുറ'ത്തിന് പാക്കപ്പ്; സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചുവടുവച്ച് ഉണ്ണി മുകുന്ദന്‍: വീഡിയോ
ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറത്തിന്‍റെ ചിത്രീകരണം അവസാനിച്ചു. ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 22 ന് ഫസ്റ്റ് ലുക്ക് പുറത്തെത്തിയ ചിത്രമാണിത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാക്കപ്പിനു ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഉണ്ണി മുകുന്ദനെ അണിയറക്കാര്‍ പുറത്തുവിട്ട വീഡിയോയില്‍ കാണാം.
ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം എന്ന ചിത്രം പറയുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ALSO READ : 'അവതാര്‍ 2'നൊപ്പം ബറോസ് ട്രെയ്‍ലര്‍? മോഹന്‍ലാല്‍ പറയുന്നു
ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണിമുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രീകരണ വേളയിൽ പന്തളം രാജകുടുംബാംഗങ്ങൾ ലൊക്കേഷൻ സന്ദർശിച്ചത് വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്. പാൻ ഇന്ത്യൻ ചിത്രമായ ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.