രണ്ടാം വാരത്തില്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച് 'മാളികപ്പുറം'; 30 തിയറ്ററുകളിലേക്കുകൂടി
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് മാളികപ്പുറം. ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചിത്രം ആദ്യം റിലീസ് ചെയ്‍ത കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം.
140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 30 സ്ക്രീനുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട് ചിത്രം. അങ്ങനെ 170 സ്ക്രീനുകള്‍. അതേസമയം റെസ്റ്റ് ഓഫ് കേരള മികച്ച റിലീസ് ആണ് ചിത്രത്തിന്. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്ക്രീനുകളിലാണ് ചിത്രം എത്തിയിരിക്കുന്നക്. മലയാളത്തിന് പുറമെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും ഇവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
ALSO READ : 'മലൈക്കോട്ടൈ വാലിബന്‍' കാസ്റ്റിംഗ് പുരോഗമിക്കുന്നു; മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.