ഒൻപത് വർഷങ്ങൾക്ക് ശേഷം മിനിസ്‌ക്രീനിലേക്ക് മടങ്ങി അശ്വതി, ആശംസകൾ അറിയിച്ച് ആരാധകർ
സുരഭിയും സുഹാസിനിയും എന്ന സീരിയലിലൂടെ മടങ്ങിവരവ്
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരും മുഖവുമാണ് അശ്വതി തോമസിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികള്‍ക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതിയുടെ മറ്റൊരു പേര് പ്രസില്ല ജെറിന്‍ എന്നാണ്. നടിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ എന്ന സീരിയൽ. അല്‍ഫോന്‍സാമ്മയുടെ വിജയത്തിനുശേഷമാണ് കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി അമലയായി പ്രേക്ഷകര്‍ക്ക് മുമ്പിൽ അശ്വതി എത്തിയത്.
ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെയാണ് അഭിനയത്തിലേക്കുള്ള അശ്വതിയുടെ മടങ്ങി വരവ്. "പ്രിയപ്പെട്ടവരേ... നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും നിങ്ങളുടെ എല്ലാവരുടെയും സ്വീകരണ മുറിയിലേക്ക് കടന്നുവരാൻ പോവുകയാണ്. ഈ വരുന്ന 29-ാം തീയതി തിങ്കളാഴ്ച മുതൽ ഫ്ലവേഴ്സ് ചാനലിൽ വൈകുന്നേരം 6.30 ന് നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെ. ഏവർക്കും പ്രിയപ്പെട്ട അമ്മ മല്ലിക സുകുമാരൻ, മഞ്ജു പത്രോസ്, അനുമോൾ, രഞ്ജിത്ത് മുൻഷി, സിദ്ധാർഥ് കണ്ണൻ, ജയറാം, സാബു പ്ലാൻകവിള, പയ്യൻസ് ചേട്ടൻ, അനു ജോജി, റാഫി എന്നീ വൻ താരനിരയോടൊപ്പം രശ്മി എന്ന കഥാപാത്രമായിട്ട്."
"കാണാക്കുയിലിലെ ശ്യാമിനിയേയും അൽഫോൻസാമ്മയേയും കുങ്കുമപ്പൂവിലെ അമലയെയും മനസ്സറിയാതെയിലെ സന്ധ്യയെയുമെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തപോലെ സു.സുവിലെ രശ്മിയെയും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു... പ്രതീക്ഷിക്കുന്നു..." എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അപ്പോൾ ഞാൻ വീണ്ടും തുടങ്ങട്ടെ എന്നാണ് പുതിയ സന്തോഷം പങ്കിട്ട് അശ്വതി കുറിച്ചത്.
മല്ലികാ സുകുമാരനൊപ്പമുള്ള ചില ചിത്രങ്ങളും അശ്വതി പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് പ്രിയപ്പെട്ട നടിക്ക് ആശംസകൾ നേർന്ന് എത്തിയത്. അശ്വതിയോട് കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി വീണ്ടുമൊരു തിരിച്ച് വരവ് ഉണ്ടാവുമോന്ന് ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു. ആ ചോദ്യത്തിനാണ് അശ്വതി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
ALSO READ : ഇന്ദ്രജിത്തിനൊപ്പം അനശ്വര; 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍' സെക്കൻ്റ് ലുക്ക് എത്തി