സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു, മരണം കൊച്ചി വയോജന കേന്ദ്രത്തില്‍
മലയാളത്തിലെ നിരവധി ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനായ കെ ജി ജോര്‍ജ് അന്തരിച്ചു.
മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരൻമാരില്‍ ഒരാളായ കെ ജി ജോര്‍ജ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയില്‍ പേരെടുക്കുന്നത്. സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജ് സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയിലൂടെ ആയിരുന്നു ആദ്യ സംസ്ഥന പുരസ്‍കാരം. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടു.
ഒന്നിനൊന്ന് വ്യത്യസ്‍തമായ പ്രമേയങ്ങളായിരുന്നു ജോര്‍ജിന്റെ സിനിമകളുടെ പ്രത്യേകത. വര്‍ത്തമാന സാമൂഹ്യ രാഷ്‍ട്രീയ വിഷയങ്ങള്‍ സിനിമയിലേക്ക് വിജയകരമായി സന്നിവേശിപ്പിക്കാൻ കെ ജി ജോര്‍ജിന് സാധിച്ചിരുന്നു. കാലാവര്‍ത്തിയായി നിലനില്‍ക്കുന്നതാണ് ജോര്‍ജിന്റെ ഓരോ സിനിമാ പരീക്ഷണവും. പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകള്‍ കൊണ്ടുവന്ന സംവിധായകരില്‍ രാജ്യത്ത് ഒന്നാം നിരയിലായിരിക്കും കെ ജി ജോര്‍ജിന്റെ സ്ഥാനം.
മലയാളത്തില്‍ ഒരു സ്‍ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോര്‍ജാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദാമിന്റെ വാരിയെല്ല് പുതു തലമുറ സംവിധായകരെയും വിസ്‍മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോര്‍ജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറില്‍ മലയാളത്തിന്റെ പാഠപുസ്‍തമായ സിനിമയായി കണക്കാക്കുന്ന യവനികയിലൂടെയാകും കെ ജി ജോര്‍ജ് പുതിയ കാലത്തെ പ്രേക്ഷകനോട് കൂടുതല്‍ അടുക്കുന്നത്. സിനിമയില്‍ ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോര്‍ജ് സംവിധാനം ചെയ്‍ത പഞ്ചവടിപ്പാലം.
മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത്, ചിത്രം, മികച്ച രണ്ടാമത്തെ നടൻ തുടങ്ങിയ സംസ്ഥാന അവാര്‍ഡുകള്‍ക്ക് പുറമേ ഫിലിം ക്രിട്ടിക്സിന്റേതടക്കം ഒട്ടനവധി പുരസ്‍കാരങ്ങളും യവനികയെ തേടിയെത്തിയിരുന്നു. സ്വപ്‍നാടനം സംസ്ഥാന തലത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനു പുറമേ കെ ജി ജോര്‍ജിന് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും സമ്മാനിച്ചു. കെ ജി ജോര്‍ജിന്റെ രാപ്പാടികളുടെ ഗാഥ 1978ലെ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‍കാരം നേടി. ആദാമിന്റെ വാരിയെല്ലിന് മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983ൽ സംസ്ഥാന പുരസ്‍കാരം ലഭിച്ചു. ഇരകൾ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985ലും സംസ്ഥാന പുരസ്‍കാരം നേടി.
മണ്ണ്, ഉൾക്കടല്‍, മേള, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇലവങ്കോട് ദേശം എന്ന ചിത്രമാണ് അവസാനമായി ചെയ്‍തത്. കെ ജി ജോര്‍ജ് ദേശീയ ചലച്ചിത്ര ജൂറി അംഗമായി 2000ത്തിലും സംസ്ഥാന ചലച്ചിത്ര ജൂറി അധ്യക്ഷനായി 2003ലും പ്രവര്‍ത്തിച്ചു. 2006- 2011 കാലഘട്ടത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ചെയര്‍മാനുമായിരുന്നു.
മാക്ടയുടെ സ്ഥാപക പ്രസിഡന്റുമായ ജോര്‍ജിന് സിനിമയിലെ സമഗ്ര സംഭാവനയ്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ജെ സി ഡാനിയേൽ പുരസ്‍കാരം 2016ല്‍ ലഭിച്ചു. ഗായികയും പപ്പുക്കുട്ടി ഭാഗവതരുടെ മകളുമായ സല്‍മയാണ് ഭാര്യ. കെ ജി ജോര്‍ജിന്റെ തന്നെ സിനിമയായ ഉൾക്കടലിലെ ശരദിന്ദു മലർദീപ നാളം നീട്ടി എന്ന ഗാനം ആലപിച്ചത് സല്‍മയാണ്. അരുണ്‍, താര എന്നിവരാണ് മക്കള്‍.
മുഴുവൻ പേര് കുളക്കാട്ടിൽ വർഗീസ് ജോർജ് എന്നാണ്. പത്തനംതിട്ടയിലെ തിരുവല്ലയില്‍ സാമുവേലിന്റെയും അന്നമ്മയുടെയും മകനായി 1945 മെയ് 24നാണ് ജനനം. തിരുവല്ലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
1968ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദം നേടി.
സിനിമ അക്കാദമിയ പഠിച്ചാണ് ജോര്‍ജ് സിനിമയിലേക്ക് എത്തുന്നത്. ജോര്‍ജ് 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ഡിപ്ലോമ നേടി. സംവിധാനത്തിലായിരുന്നു ഡിപ്ലോമ. രാമു കാര്യാട്ടിന്റെ മായയുടെ സഹസംവിധായകനായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.
Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക