ആര് വാഴും ? ഷൺമുഖനോ, ഡൊമനിക്കോ? അതോ പിള്ളേര് അടിച്ചുകയറുമോ ? ജനുവരിയിൽ മോളിവുഡിൽ റിലീസ് ചാകര
ഒരുപിടി സിനിമകളുമായാണ് ജനുവരി തുടങ്ങുന്നത്.
2024 മലയാള സിനിമയ്ക്ക് ഭേദപ്പെട്ടൊരു വർഷമായിരുന്നു. കഴിഞ്ഞ വർഷം ജനുവരി മുതൽ തുടങ്ങിയ മോളിവുഡിന്റെ വിജയത്തേരോട്ടം പകുതി വരെയും തുടർന്നു. ഒടുവിൽ ആദ്യ 200 കോടി കളക്ഷൻ നേടിയ സിനിമയും മലയാളത്തിന് ലഭിച്ചു. അത്തരത്തിൽ ഒരുപിടി സിനിമകളുമായാണ് 2025 ജനുവരി എത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള സീനിയേഴ്സ് താരങ്ങൾക്കൊപ്പം യുവതാരങ്ങളുടെ സിനിമയും ജനുവരിയിൽ തിയറ്ററുകളിൽ എത്തും.
ജനുവരിയിൽ ആദ്യമെത്തുന്ന സിനിമ 'ഐഡന്റിറ്റി'യാണ്. ടൊവിനോ തോമസും തൃഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 2ന് തിയറ്ററുകളിൽ എത്തും. അഖിൽ പോളും അനസ് ഖാനും സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഹിറ്റ് ചിത്രം ഫോറൻസിക് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.
ആസിഫ് അലി നായകനായി എത്തുന്ന 'രേഖാചിത്രം' ആണ് മറ്റൊരു സിനിമ. അനശ്വര രാജനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഫിൻ ടി ചാക്കോയാണ്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2025 ജനുവരി 9ന് സിനിമ തിയറ്ററിലെത്തും. പൊലീസ് വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. രേഖാചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ലെന്നും നമ്മൾ കണ്ട് മറന്നൊരു സിനിമയുടെ പരിവർത്തനമാണിതെന്നുമാണ് അടുത്തിടെ ആസിഫ് അലി പറഞ്ഞത്.
കോമഡി എന്റർടെയ്നർ ജോണറിലുള്ള 'എന്നു സ്വന്തം പുണ്യാളൻ' ആണ് അടുത്ത സിനിമ. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് മധുവാണ്. ചിത്രം ജനുവരി 10ന് റിലീസ് ചെയ്യും. സാംജി എം ആന്റണിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഡാർക് ഹ്യൂമറായി എത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 16ന് തിയറ്ററിലെത്തും. ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ജനുവരി 23ന് തിയറ്ററുകളിൽ എത്തും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. പിങ്ക്പാന്തർ ടൈപ്പ് സിനിമയാണിത്.
'എന്താ ലുക്ക്, ടൈറ്റാനിക്കിലെ റോസിനെ പോലെ'; ജാസ്മിൻ ജാഫറിന്റെ പുത്തൻ ലുക്കിൽ അമ്പരന്ന് ആരാധകർ
മലയാളത്തിന്റെ എവർഗ്രീൻ താരജോഡികളായ ശോഭനയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'തുടരും'. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ജനുവരി 30ന് തിയറ്ററുകളിൽ എത്തും. ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്ന ചിത്രം രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും ജോജു ജോർജും ഒന്നിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 16ന് പടം പ്രദർശനത്തിന് എത്തും. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലൻസിയറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..