'അപ്പു' 'സാന്ത്വനം' വീടിന്റെ പടിയിറങ്ങുന്നോ ?, റിവ്യു
പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണക്കാരിയായ 'അപ്പു'വിനോട് വീട് വിട്ടുപോകാനാണ് 'ഹരി' ആവശ്യപ്പെടുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. മിക്ക ഇന്ത്യന്‍ ഭാഷയിലും സംപ്രേഷണം ചെയ്യുന്ന പരമ്പര എല്ലായിടത്തുംതന്നെ മികച്ച റേറ്റിംഗോടെ തന്നെയാണ് മുന്നേറുന്നത്. 'പാണ്ഡ്യന്‍ സ്റ്റോഴ്‌സ്' എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് 'സാന്ത്വനം'. 'കൃഷ്‍ണ സ്റ്റോഴ്‌സ്' നടത്തുന്ന 'സാന്ത്വനം' കുടുംബത്തിന്റെ, വീടിനകത്തും പുറത്തുമുള്ള ജീവിതമാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിലെ സ്‌നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചെന്ന് പറയാം. സാന്ത്വനം' വീട്ടിലെ അച്ഛന്റെ മരണശേഷം ഏട്ടനായ 'ബാലനും' ഏട്ടന്റെ ഭാര്യയായ ദേവിയും കുടുംബത്തെ നോക്കാന്‍ ആരംഭിക്കുന്നു. സഹോദരങ്ങള്‍ക്ക് കിട്ടേണ്ട സ്‌നേഹം കുറഞ്ഞുപോകുന്ന എന്ന ആധിയില്‍, തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടായെന്നാണ് 'ബാലനും' 'ദേവി'യും തീരുമാനിക്കുന്നത്. 'ബാലന്റെ' അനിയന്മാരായ 'ഹരി', 'ശിവന്‍', 'കണ്ണന്‍' എന്നിവരും 'ഹരി'യുടെ ഭാര്യ 'അപ്പു' ('അപര്‍ണ്ണ'), 'ശിവന്റെ' ഭാര്യ 'അഞ്ജലി' എന്നിവരുമാണ് പരമ്പരയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
'ബാലന്റെ' അനിയന്മാരുടെ വിവാഹം കഴിഞ്ഞതോടെ എത്തിയ കുടുംബക്കാരുടെ എണ്ണം 'സാന്ത്വനം' കുടുംബത്തെ പ്രശ്‌നത്തിലാക്കുന്നുണ്ട്. 'അപ്പു'വിന്റെ അച്ഛന്‍ 'തമ്പി', 'അഞ്ജലി'യുടെ ചിറ്റമ്മ സുഗന്ധിയുമെല്ലാം അത്തരത്തില്‍ വലിയ പ്രശ്‌നക്കാരാണ്. പ്രശ്‌നങ്ങള്‍ക്കിടയിലും മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന പരമ്പര പെട്ടന്നായിരുന്നു അഗാധമായ പ്രശ്‌നത്തിലേക്ക് വഴുതിവീണത്. വീടിന്റെ അടിത്തറയായിരുന്ന 'കൃഷ്‍ണ സ്റ്റോഴ്‌സ്' മാറ്റി, ചെറിയൊരു ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനുള്ള കുടുംബത്തിന്റെ ഒരുക്കത്തിനിടെ, വീട് മൂത്തയാളായ 'ബാലന്റെ' പേരിലേക്ക് എഴുതേണ്ടതായി വരുന്നു. വീട്ടിലെ അംഗങ്ങള്‍ക്ക് അതില്‍ പ്രശ്‌നമൊന്നുംതന്നെ ഇല്ലെങ്കിലും 'തമ്പി', അത് വലിയ പ്രശ്‌നമാക്കുന്നു. സ്വത്ത് 'ബാലന്റെ' പേരിലേക്ക് മാത്രമാക്കിയാല്‍ അത് ബാക്കിയുള്ളവര്‍ക്ക് വരുംകാലത്ത് പ്രശ്‌നമാകുമെന്നും,അതുകൊണ്ട് സ്വത്ത് ഭാഗം വെക്കണമെന്നുമാണ് 'തമ്പി' പറയുന്നത്.
'തമ്പി'യുടെ വാക്കുകള്‍ മകളും, 'അഞ്ജലി'യുടെ അമ്മയും സ്വീകരിക്കുകയും, സ്വത്ത് 'ബാലന്റെ' പേരിലാക്കുന്നതിന് വിലങ്ങിടുകയും ചെയ്യുന്നു. ശേഷം 'തമ്പി' വീട് അളക്കുന്നതിനായുള്ള ആളുകളെ കൊണ്ടുവരികയും, 'സാന്ത്വനം' വീട്ടില്‍ അതിനെച്ചൊല്ലി വലിയ പ്രശ്‌നങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. തമ്പിയുടെ വാക്ക് ചാതുരിയില്‍ 'അപ്പു' വീണതോടെയാണ് എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. 'അപ്പു'വിനും കാര്യങ്ങളിലൊന്നും ശരിക്കുള്ള പങ്കുമില്ല. 'അപ്പു'വിന്റെ ഭര്‍ത്താവായ 'ഹരി'ക്ക് മറ്റ് കുടുംബാംഗങ്ങളുടെ മുഖത്ത് നോക്കാന്‍ പറ്റാതെയാകുന്നു. അതുകൊണ്ടുതന്നെ 'അപ്പു'വിനെതിരെ വീട്ടില്‍ രംഗത്ത് എത്തിയിരിക്കുകയാണ് 'ഹരി'. ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാകാന്‍ ഉത്തരവാദിയായ 'അപ്പു'വിനോട് വീട് വിട്ടുപോകാനാണ് 'ഹരി' ആവശ്യപ്പെടുന്നത്.
വീട്ടില്‍ നടന്ന നാടകീയ സംഭവങ്ങള്‍ 'അപ്പു', അമ്മയായ 'അംബിക'യെ വിളിച്ച് പറയുന്നിടത്തേക്ക് 'ഹരി' കയറിവരികയാണ്. സങ്കടം സഹിക്കവയ്യാതെ കരഞ്ഞുകൊണ്ട് 'ഹരി' പറയുന്നത് ഫോണിലൂടെ 'അംബിക'യും കേള്‍ക്കുന്നുണ്ട്. 'ഈ വീടിന്റെ സമാധാനം കെടുത്തിക്കാനായിട്ട്, 'തമ്പി'യെ ഇനിയും ഈ വീട്ടിലേക്ക് കയറ്റാനാകില്ല' എന്നാണ് 'ഹരി' പറയുന്നത്. അത് കേള്‍ക്കുന്ന 'അംബിക' 'തമ്പി'യെ പറഞ്ഞ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും 'തമ്പി' ഒന്നിനും തയ്യാറാകുന്നില്ല. 'സാന്ത്വനം' വീട്ടില്‍നിന്നും പെട്ടിയെടുത്തിറങ്ങുന്ന 'അപ്പു'വിനെയാണ് പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയില്‍ കാണുന്നത്. മകളുടെ പ്രണയവിവാഹം പോലും ഇഷ്‍ടമില്ലാതിരുന്ന 'തമ്പി'ക്ക് ഇക്കാര്യത്തില്‍ സന്തോഷമാകാനാണ് സാധ്യത.
Read More : അത്ഭുത വിജയമായ 'കാര്‍ത്തികേയ 2' ഇന്ന് മുതല്‍ കേരളത്തില്‍, തിയേറ്റര്‍ ലിസ്റ്റ്