എങ്ങും 'ഹർ ഘർ തിരംഗ'; വീടുകളിൽ ദേശീയ പതാക ഉയർത്തി താരങ്ങൾ
20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയിൽ പങ്കുചേർന്ന് മലയാള സിനിമാ താരങ്ങളും അണിയറ പ്രവർത്തകരും. ജയറാം, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മേജര് രവി ഉൾപ്പടെയുള്ളവർ തങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു.
ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും കൊച്ചിയിലെ തന്റെ വീട്ടിൽ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം പതാക ഉയർത്തിയത്.
"സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്...അതിൽ 57 വർഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം..അഭിമാനം", എന്ന് കുറിച്ചു കൊണ്ടാണ് ജയറാം വീട്ടിൽ പതാക ഉയർത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേർന്നിട്ടുണ്ട്.
"എന്റെ വീട്....ഞാനും ഭാര്യയും അർജുനും ഇവിടെയാണ് താമസിക്കുന്നത്... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ", എന്നാണ് വീഡിയോ പങ്കുവച്ച് മേജർ രവി കുറിച്ചിരിക്കുന്നത്.
ഇന്ന് മുതലാണ് 'ഹർ ഘർ തിരംഗ' ക്യാപെയ്ൻ ആരംഭിച്ചത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.