കീരിക്കാടനെ ഓര്‍ത്ത് സേതുമാധവന്‍ ;'അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യം'
വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ഏറെ നാളായി മോഹന്‍രാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇതിന്‍റേതായ ബുദ്ധിമുട്ടുകളും മോഹന്‍രാജ് നേരിട്ടിരുന്നു.
മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' എന്ന വേഷത്തിലൂടെയാണ് മോഹന്‍ രാജ് ജനപ്രീതി നേടുന്നത്. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. കീരിക്കാടന്‍ ജോസിന്‍റെ ജനപ്രീതി മോഹന്‍രാജിനെ തെലുങ്ക്, തമിഴ് സിനിമകളുടെയും ഭാഗമാക്കി.
കിരീടത്തിലെ നായകനായ മോഹന്‍ലാല്‍ മോഹന്‍രാജിനെ അനുസ്മരിച്ച കുറിപ്പ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട നല്‍കുകയാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിന്‍റെ കുറിപ്പ് -
കഥാപാത്രത്തിന്‍റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.
'കീരിക്കാടൻ ജോസ്' ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു