റിലീസിന് മുന്‍പേ ആദ്യ റെക്കോര്‍ഡുമായി 'വാലിബന്‍'; മോഹന്‍ലാല്‍ രണ്ടാമതാക്കിയത് ദുല്‍ഖര്‍ ചിത്രത്തെ
ജനുവരി 25 റിലീസ്
മലയാളി സിനിമാപ്രേമികള്‍ ഏറ്റുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണം. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ടീസറിനെക്കുറിച്ചും ഉയര്‍ന്ന ഹൈപ്പ് വലുതായിരുന്നതിനാല്‍ അത് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് അഭിപ്രായപ്പെട്ട ഒരു വിഭാഗം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും വെളിപ്പെടുത്താത്ത ടീസര്‍ നന്നായെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. അത് എന്തായിരുന്നാലും ടീസറിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മലൈക്കോട്ടൈ വാലിബന്‍.
24 മണിക്കൂര്‍ കൊണ്ട് ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ മലയാള സിനിമാ ടീസര്‍ എന്ന റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ നേടിയിരിക്കുന്നത്. 24 മണിക്കൂറിൽ 9.7 മില്യൺ കാഴ്ചകളാണ് ടീസറിന് ലഭിച്ചത്. നിലവില്‍ കാഴ്ചകളുടെ എണ്ണം 10 മില്യണും മറികടന്ന് യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതുമാണ് ടീസര്‍. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ തകര്‍ത്തത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ആകുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.