കേരളത്തിന് മുന്‍പേ യുകെയില്‍ കുതിപ്പ് തുടങ്ങി 'വാലിബന്‍'; റെക്കോര്‍ഡ് ബുക്കിംഗ്, ഒഫിഷ്യല്‍ കണക്കുകള്‍
ഇന്നലെയാണ് യുകെയില്‍ ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചത്
മലയാളത്തില്‍ സമീപകാലത്ത് ഇത്രയും പ്രീ റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ഉണ്ടാവില്ല, മലൈക്കോട്ടൈ വാലിബന്‍ പോലെ. ലിജോ ജോസ് പെല്ലിശ്ശേരി കരിയറില്‍ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പിയും ഹൈപ്പും. അണിയറക്കാര്‍ വലിയ അളവില്‍ ചിത്രത്തിന് പബ്ലിസിറ്റി നല്‍കിയിട്ടില്ലെങ്കിലും ഉള്ളതുതന്നെ മതിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ അവ തരംഗം തീര്‍ക്കാന്‍. റിലീസിന് ആറ് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രം പല കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഷിബു ബേബിജോണുമടക്കം പങ്കെടുത്ത വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ നടന്നിരുന്നു. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ചിംഗും ഇന്നാണ്. ഒപ്പം കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചതും ഇന്ന് തന്നെ. ആരംഭിച്ചപ്പോള്‍ത്തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്നത്. അതേസമയം കേരളത്തിന് മുന്‍പേ യുകെയില്‍ വാലിബന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇവിടെനിന്നുള്ള ആദ്യ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ്.
ഇന്നലെയാണ് യുകെയില്‍ ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ റിലീസ് എന്നാണ് ആര്‍എഫ്ടി നല്‍കിയിരിക്കുന്ന പരസ്യം. യുകെയില്‍ മാത്രം 175 ല്‍ അധികം സ്ക്രീനുകളിലാണ് വാലിബന്‍ എത്തുക. ആദ്യ കണക്കുകള്‍ അനുസരിച്ച് അയ്യായിരത്തോളം (4900) ടിക്കറ്റുകളാണ് യുകെയില്‍ ചിത്രം വിറ്റിരിക്കുന്നത്. റിലീസിന് ആറ് ദിവസം ശേഷിക്കെ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന റെക്കോര്‍ഡ് ബുക്കിംഗ് ആണ് ഇത്. ട്രെയ്‍ലര്‍ കൂടി എത്തുന്നതോടെ പ്രീ ബുക്കിംഗില്‍ ചിത്രം റെക്കോര്‍ഡുകള്‍ പലത് കുറിച്ചേക്കും. വമ്പന്‍ ഓപണിംഗില്‍ കുറഞ്ഞതൊന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം