ദളപതിയുടെ 30 വർഷങ്ങൾ; നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിച്ച് മക്കൾ ഇയക്കം
വരിശ് എന്ന ചിത്രമാണ് വിജയിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ.
ഭാഷാഭേദമെന്യെ ലോകമെമ്പാടും നിരവധി ആരാധകരുള്ള തമിഴ് നടനാണ് വിജയ്. ബാലതാരമായി ബിഗ് സ്ക്രീനിൽ എത്തിയ വിജയ് ഇന്ന് തമിഴിലെ ഏറ്റവും ജനപ്രീതിയേറിയ നടന്മാരിൽ ഒരാളാണ്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വിജയ് പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച സിനിമകൾ. ഇപ്പോഴിതാ വെള്ളിത്തിരയിൽ വിജയ് എത്തിയിട്ട് 30 വർഷം ആകുകയാണ്. പ്രിയതാരത്തിന്റെ മുപ്പതാം വർഷം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും. ഈ അവസരത്തിൽ വിജയിയുടെ ചാരിറ്റബിൾ സംഘടനയായ മക്കൾ ഇയക്കം നടത്തിയ വേറിട്ട ആഘോഷമാണ് വാർത്തകളിൽ നിറയുന്നത്.
വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കൾക്ക് മക്കൾ ഇയക്കം സ്വർണ മോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചിരിക്കുകയാണ്. അഡയാർ സർക്കാർ മെറ്റേണിറ്റി ആശുപത്രിയിലെത്തിയാണ് അധികൃതർ മോതിരങ്ങൾ കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
അതേസമയം, വരിശ് എന്ന ചിത്രമാണ് വിജയിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം കൂടിയാണിത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. പൊങ്കൽ റിലീസായി അജിത്ത് നായകനാകുന്ന തുനിവും എത്തുന്നുണ്ട്.
സാധാരണ ജീവിതങ്ങളിൽ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഏട്: 'സൗദി വെള്ളക്ക'യെ കുറിച്ച് ശബരിനാഥൻ