പേര് പ്രഖ്യാപിക്കുംമുന്‍പേ ആദ്യ ഷോട്ട്! വേറിട്ട പ്രചരണ തന്ത്രവുമായി സൂര്യ ചിത്രം
സൂര്യയുടെ കരിയറിലെ 44-ാമത്തെ ചിത്രം
ചില സംവിധായക- താര കോമ്പിനേഷന്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാറുണ്ട്. തമിഴില്‍ വരാനിരിക്കുന്ന അത്തരമൊരു കോമ്പിനേഷനാണ് സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ കരിയറിലെ 44-ാമത്തെ ചിത്രവുമാണ്. സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ ഇന്നലെ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ എത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് ഇന്ന് രാത്രി 8 മണിക്ക് എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ പ്രൊമോഷണല്‍ മെറ്റീരിയലായി കാര്‍ത്തിക് സുബ്ബരാജ് ചിത്രീകരിച്ച ഫസ്റ്റ് ഷോട്ട് തന്നെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. കടലിന് അഭിമുഖമായുള്ള, ബാല്‍ക്കണിയെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് കടലിലേക്ക് നോക്കിയിരിക്കുന്ന സൂര്യയാണ് പുറത്തെത്തിയ വീഡിയോയില്‍ ഉള്ളത്. പഴയ കാലത്തെ കഥയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിന്‍റേജ് ഗെറ്റപ്പിലാണ് വീഡിയോയില്‍ സൂര്യ. ആവേശകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.
മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ലവ് ലാഫ്റ്റര്‍ വാര്‍ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. പൊന്നിയില്‍ സെല്‍വനിലെ പ്രേക്ഷകശ്രദ്ധ നേടിയ ആഴ്വാര്‍കടിയന്‍ നമ്പിക്ക് ശേഷം ജയറാമിന് പ്രതിഭ തെളിയിക്കാന്‍ സാധിക്കുന്ന റോള്‍ ആയിരിക്കും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലേതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കങ്കുവ എന്ന ചിത്രമാണ് സൂര്യയുടേതായി അടുത്ത് പുറത്തെത്തുക.