'കട്ട വെയ്റ്റിംഗ് ആണ്, ഒന്ന് ഉഷാറായിക്കേ'; അല്‍ഫോന്‍സ് പുത്രനോട് മേജര്‍ രവി
ഏഴ് വര്‍ഷത്തിനു ശേഷമെത്തുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രമാണ് ഗോള്‍ഡ്
പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ചിത്രത്തിന്‍റെ ജോലികള്‍ വൈകിയതിനാല്‍ റിലീസ് നീട്ടുകയായിരുന്നു. പുതിയ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. അതേസമയം ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലുമാണ് സിനിമാപ്രേമികള്‍. ഇപ്പോഴിതാ ഒരു ചലച്ചിത്രപ്രേമി എന്ന നിലയില്‍ ചിത്രത്തിനായുള്ള തന്‍റെ കാത്തിരിപ്പ് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. അല്‍ഫോന്‍സ് പുത്രന്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ നേരത്തേ പങ്കുവച്ചിട്ടുള്ള ഗോല്‍ഡിന്‍റെ പോസ്റ്ററിനു താഴെയാണ് മേജര് രവി കമന്‍റുമായി എത്തിയിരിക്കുന്നത്.
അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ, എന്നാണ് മേജര്‍ രവിയുടെ കമന്‍റ്. അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കവര്‍ ഇമേജ് ആയി അപ്‍ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റര്‍ ആണിത്. രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്‍റെ റിലീസ് എന്നാണെന്ന് ചോദിച്ച ആരാധകനോട് അദ്ദേഹം ഈ പോസ്റ്റിനു താഴെത്തന്നെ വിശദമായി മറുപടി പറഞ്ഞിരുന്നു.
കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്, കുറച്ച് അറ്റകുറ്റ പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്പോള്‍ത്തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ ഒന്ന് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററുകാര്‍ പറഞ്ഞ ഡേറ്റ്. പക്ഷേ അന്ന് ജോലി തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാമെന്ന് പാചകക്കാരനായ ഞാന്‍ തീരുമാനിച്ചു. റിലീസ് പ്രഖ്യാപിച്ചിട്ട് ആ സമയത്ത് അത് ചെയ്യാതിരുന്നതിന് ക്ഷമ ചോദിക്കുന്നു, എന്നായിരുന്നു അല്‍ഫോന്‍സിന്‍റെ പ്രതികരണം.