ഐഎഫ്എഫ്കെയില്‍ മധു അമ്പാട്ടിന് ആദരം; റെട്രോസ്‍പെക്റ്റീവില്‍ 'അമരം' ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍

250 ല്‍ അധികം സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു

Madhu Ambat retrospective at iffk 2024 four movies to screen including mammootty starrer amaram

29 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങൾ റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. അഞ്ച് പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഐഎഫ്എഫ്കെ മധു അമ്പാട്ടിനെ ആദരിക്കുന്നത്. 1:1.6, ആൻ ഓഡ് ടു ലോസ്റ്റ് ലവ്, പിൻവാതിൽ, അമരം, ഒകാ മാഞ്ചീ പ്രേമ കഥ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ. ഛായാഗ്രഹണത്തിന്റെ വ്യാകരണവും ദൃശ്യസാധ്യതകളും കാലത്തിനും ദേശത്തിനും അതീതമായി നവീകരിച്ച ചലച്ചിത്ര പ്രവർത്തകനാണ് അദ്ദേഹം. സമാന്തര സിനിമാ മേഖലയോടും കലാമൂല്യങ്ങളോടും പ്രതിബദ്ധത പുലർത്തിയ അദ്ദേഹം കമ്പോളത്തിന്റെ സാധ്യതകളിലേക്കോ സമരസപ്പെടലുകൾക്കു വേണ്ടിയോ തന്റെ ക്യാമറകണ്ണുകൾ തുറക്കുകയും ചെയ്തില്ല. പുതുമയുള്ള സിനിമകളുടെ സാക്ഷാകാരത്തിനായി പുതുമുഖ സംവിധായകരോടും സാങ്കേതികതപ്രവർത്തകരോടും സഹകരിക്കുന്നതിനു അദ്ദേഹത്തിന്റെ പ്രതിഭ തടസ്സമായില്ല എന്നതും ശ്രദ്ധേയമാണ്.  

1949 മാർച്ച് 6ന് എറണാകുളം ജില്ലയിൽ ജനിച്ച മധു അമ്പാട്ട്, 1973 ൽ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മികച്ച ഛായാഗ്രാഹക വിദ്യാർത്ഥിക്കുള്ള സ്വർണ്ണ മെഡലോടു കൂടിയാണ് പഠനം പൂർത്തിയാക്കിയത്. വിഖ്യാത ചലച്ചിത്രകാരൻ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ' എന്ന ഡോക്യുമെൻ്ററിയിൽ പ്രവർത്തിച്ചുകൊണ്ടാണ് തുടക്കം. 1974-ൽ ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പ്രേമലേഖനം’ ആണ് അദ്ദേഹം ഛായാഗ്രഹണം നിർവ്വഹിച്ച ആദ്യ ചലച്ചിത്രം. ഒൻപത് ഭാഷകളിലായി 250 ൽ പരം ചിത്രങ്ങളുടെ ഛായാഗ്രഹകനാണ്. വിഖ്യാത ഹോളിവുഡ് സംവിധായകനായ മനോജ് നൈറ്റ് ശ്യാമളൻ്റെ പ്രേയിങ് വിത്ത് ആങ്കറിലും ജഗ്‌മോഹൻ മുണ്ട്രയുടെ പ്രൊവോക്ക്ഡിലും ഛായാഗ്രാഹകനായി പ്രവർത്തിച്ച മധു അമ്പാട്ട്  മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. 1984ൽ ആദി ശങ്കരാചാര്യ, 2006 ൽ ശൃംഗാരം, 2010 ൽ ആദാമിന്റെ മകൻ അബു എന്നിവയാണ് അദ്ദേഹത്തിനെ അവാർഡിന് അർഹമാക്കിയ ചിത്രങ്ങൾ.

Madhu Ambat retrospective at iffk 2024 four movies to screen including mammootty starrer amaram

മധു അമ്പാട്ട് ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച്, 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് 1:1.6, ആൻ ഓഡ് റ്റു ലോസ്റ്റ്‌ ലവ്. പ്രണയത്തിന്റെ സങ്കീർണതകളും വിരഹവുമാണ് ചിത്രത്തിന്റെ പ്രമേയം. മൂന്ന് വ്യക്തികൾക്കിടയിൽ ഉരുത്തിരിയുന്ന പ്രണയവും മാനസിക സംഘർഷങ്ങളും  മധുവിന്റെ ക്യാമറ തീക്ഷ്ണമായും സൂക്ഷ്മതയോടെയും പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചു. മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളെ വരച്ചുകാട്ടുന്ന ഭരതൻ ചിത്രമായ  അമരത്തിൽ ചിത്രകലയുടെ സാധ്യതകളെ ഫ്രെമുകളിൽ സന്നിവേശിപ്പിച്ചപ്പോൾ പിറന്നു വീണത് മലയാളത്തിലെ എക്കാലത്തെയും മികച്ച ദൃശ്യാനുഭവമാണ്. ജെ സി ജോർജ് സംവിധാനവും മധു അമ്പാട്ട് ഛായാഗ്രഹണവും നിർവഹിച്ച പിൻവാതിൽ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് ഐ എഫ് എഫ് കെയിൽ നടക്കുക. ജനാധിപത്യവ്യവസ്ഥയെ പുനർവ്യാഖ്യാനം ചെയ്യാനും വിമർശിക്കാനും ബൈബിൾ കഥകളെ ആശ്രയിക്കുന്ന ചിത്രത്തിൽ സര്‍റിയല്‍ സങ്കേതങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള മധു അമ്പാട്ടിന്റെ ദൃശ്യാഖ്യാനം പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കോർപ്പറേറ്റ് ജീവിതത്തിൽ നട്ടം തിരിയുന്ന സുജാതയുടെയും അമ്മ രംഗമണിയുടെയും കഥപറയുന്ന തെലുങ്ക് ചിത്രമാണ് അക്കിനേനി കുടുമ്പ റാവു സംവിധാനം ചെയ്ത ഒകാ മാഞ്ചീ പ്രേം കഥ. തൊഴിലിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങളും നഗര ഗ്രാമാന്തര ജീവിതങ്ങളും  ഛായാഗ്രാഹകൻ കൃത്യമായി ചിത്രീകരിക്കുന്നു. ഈ ചിത്രത്തിന്റെയും ആദ്യ പ്രദർശനം മേളയിൽ ഉണ്ടാകും. അമരത്തിലെ പ്രക്ഷുബ്ധമായ കടലിന്റെ ചലനവും 1:1.6, ആൻ ഓഡ് ടു ലോസ്റ്റ് ലവ് സിനിമയിലെ മനുഷ്യജീവിതവും പ്രണയവും ആദാമിന്റെ മകൻ അബുവിലെ അബുവിന്റെ യാത്രയുമെല്ലാം തന്റെ ക്യാമറ കണ്ണിലൂടെ പ്രേക്ഷകരിലേക്ക് തന്മയത്വത്തോടെ എത്തിക്കുവാൻ മധുവിന്റെ ഫ്രെയിമുകൾക്ക് സാധിച്ചു. ഷാജി എൻ  കരുണുമായി ചേർന്ന് മധു-ഷാജി എന്ന പേരിൽ കാമറാജോഡി രൂപീകരിക്കുകയും ഞാവൽപഴങ്ങൾ, മനുഷ്യൻ, ലഹരി എന്നീ മൂന്ന് മലയാള ചിത്രങ്ങങ്ങൾക്കായി ഛായാഗ്രഹണം നിർവ്വഹിക്കുകയും ചെയ്തു. 

ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന ഛായാഗ്രാഹകനായ അദ്ദേഹം നിരവധി ദേശീയ- അന്തർദേശീയ- സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. ന്യൂയോർക്ക് റോചെസ്റ്റൻ അവാർഡ്, മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, രാമു കാര്യാട്ട് അവാർഡ്, സംസ്ഥാന സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും ഇതിൽപ്പെടുന്നു. ഓഫ് ബീറ്റ് ചിത്രങ്ങൾക്ക് തന്റെ ക്യാമറയാൽ തീർക്കുന്ന ദൃശ്യവിരുന്ന്‌ മധുവിനെ സിനിമാലോകത്ത് വ്യത്യസ്തനാക്കുന്നു. സാങ്കേതികതയുടെ കെട്ടുപാടുകളിൽ സിനിമയെ തളച്ചിടാതെ അതിവിപുലമായ ഒരു തലത്തിലേക്ക് സിനിമയെ എത്തിക്കാൻ തന്റെ ദൃശ്യമികവിനാൽ അദ്ദേഹത്തിന് സാധിച്ചു. ഡിസംബർ 16 ന്  നിളാ തിയേറ്ററിൽ ഈ വിഭാഗത്തിലെ ആദ്യ പ്രദർശനം നടക്കും.

ALSO READ : വേറിട്ട കഥാപാത്രമായി സുരാജ്; 'ഇഡി'യിലെ 'നരഭോജി' സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios