Aazhi Movie : തമിഴ് അരങ്ങേറ്റത്തിന് മാധവ് രാമദാസന്‍; ശരത്ത് കുമാര്‍ നായകനാവുന്ന 'ആഴി'
മേല്‍വിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നിവയ്ക്കു ശേഷം മാധവ് രാമദാസന്‍
മൂന്ന് ചിത്രങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് മാധവ് രാമദാസന്‍ (Madhav Ramadasan) . മേല്‍വിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നിവയായിരുന്നു ഈ സംവിധായകന്‍റെ ചിത്രങ്ങള്‍. എല്ലാം മലയാളത്തില്‍. ഇപ്പോഴിതാ തമിഴില്‍ തന്‍റെ ആദ്യ ചിത്രം ഒരുക്കാന്‍ പോവുകയാണ് അദ്ദേഹം. ശരത്ത് കുമാര്‍ (Sarath Kumar) ആണ് നായകന്‍. തമിഴില്‍ ആദ്യചിത്രം ഒരുക്കാന്‍ പോകുന്ന വിവരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ജൂലൈ 1ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ശരത് കുമാറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ടൈറ്റിലും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
ആഴി (Aazhi) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശരത് കുമാര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ചിത്രത്തോടുകൂടിയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. താടി നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലാണ് പോസ്റ്ററില്‍ അദ്ദേഹം. മയക്കുമരുന്നിനോട് നോ പറയുക എന്നൊരു ടാഗ് ലൈനും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. വിജയ് സേതുപതിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. 888 പ്രൊഡക്ഷന്‍സ്, സെല്ലുലോയ്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. മറ്റു താരനിരയെക്കുറിച്ചും സാങ്കേതിക വിഭാഗത്തില്‍ ആരൊക്കെയെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തെത്തും.
ആദ്യചിത്രമായ മേല്‍വിലാസത്തിലൂടെത്തന്നെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് മാധവ് രാമദാസന്‍. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നായകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തി തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയത്. 16-ാമത് ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രത്തിന് 15-ാമത് ഗൊല്ലപ്പുഡി ശ്രീനിവാസ് ദേശീയ അവാര്‍ഡും (മികച്ച നവാഗത സംവിധായകന്‍) മികച്ച കഥാചിത്രത്തിനുള്ള പി ഭാസ്കരന്‍ അവാര്‍ഡും ലഭിച്ചിരുന്നു.
ALSO READ : കഥയും സംവിധാനവും കങ്കണ; ഇന്ദിരാ ഗാന്ധിയായി 'എമര്‍ജന്‍സി'യില്‍