പ്രതിഫലത്തില്‍ മുന്നില്‍ ആര്? 'മാമന്നനി'ലെ താരങ്ങളുടെ പ്രതിഫലം
മാരി സെല്‍വരാജ് ആണ് ചിത്രത്തിന്‍റെ രചനയും
തിയറ്റര്‍ റിലീസില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യതയേക്കാളും കൈയടി ഒടിടി റിലീസില്‍ ലഭിക്കുന്ന ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് തമിഴ് ചിത്രം മാമന്നന്‍. ജാതി രാഷ്ട്രീയമെന്ന ഗൌരവമുള്ള വിഷയം സംസാരിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പരിയേറും പെരുമാളും കര്‍ണ്ണനും ഒരുക്കിയ മാരി സെല്‍വരാജ്. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ മോശമല്ലാത്ത വിജയം നേടിയിരുന്നു. ഒരാഴ്ച കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 40 കോടി നേടിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍. 27 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്.
തിയറ്ററുകളില്‍ ലഭിക്കാതിരുന്ന തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ഒടിടി റിലീസിലൂടെ ചിത്രത്തിന് ലഭിക്കുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ് മാമന്നന്‍ എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചിരിക്കുന്നത്. വടിവേലുവിന്‍റെ മകന്‍ അതിവീരനായി ഉദയനിധി സ്റ്റാലിന്‍ എത്തിയ ചിത്രത്തില്‍ രത്നവേലു എന്ന ഉയര്‍ന്ന ജാതിക്കാരനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലീല എന്ന നായികാ കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതനുസരിച്ച് കീര്‍ത്തി സുരേഷിന് ലഭിച്ചിരിക്കുന്ന പ്രതിഫലം 2 കോടിയാണ്. ഫഹദ് ഫാസിലിന് 3 കോടിയും വടിവേലുവിന് 4 കോടിയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ച 10 ചിത്രങ്ങള്‍; കേരള ബോക്സ് ഓഫീസ് കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക