ഒടിടിയിലും കിംഗായി ഡിക്യൂ: ലക്കി ഭാസ്കറിന് വന്‍ നേട്ടം !
100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഒടിടിയിലും മികച്ച പ്രതികരണം നേടുന്നു. തിയറ്ററുകളിലും പ്രദർശനം തുടരുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ വഴിത്തിരിവായി.
കൊച്ചി: ദുൽഖർ സൽമാന്‍ പ്രധാന വേഷത്തില്‍ എത്തി ദീപാവലിക്ക് റിലീസായ ഫിനാഷ്യല്‍ ത്രില്ലറായിരുന്നു ലക്കി ഭാസ്കര്‍. വന്‍ ഹിറ്റായ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. തെലുങ്കിന് പുറത്ത് നിന്നും ഒരു താരം വന്ന് നൂറുകോടി നേടിയത് ശരിക്കും ടോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ നവംബര്‍ 28ന് ചിത്രം ഡിജിറ്റൽ പ്രീമിയർ നടത്തി.
നെറ്റ്ഫ്ലിക്സിലാണ് ചിത്രം ഒടിടി റിലീസായത്. ഒടിടി റിലീസിന് ശേഷവും ചിത്രം ഗംഭീര പ്രതികരണം ഉണ്ടാക്കുന്നുവെന്നാണ് പുതിയ വിവരം. റിപ്പോർട്ടുകൾ പ്രകാരം ലക്കി ഭാസ്കര്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സിനിമ വിഭാഗത്തില്‍ ഒന്നാം നമ്പർ സ്ഥാനത്താണ്. അതേസമയം തന്നെ ഈ ചിത്രം 15 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ടോപ്പ് 10 പട്ടികയിൽ പ്രവേശിച്ച് അതിശയകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 31 ന് ആയിരുന്നു. ആദ്യ ദിനം തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായം ലഭിക്കുന്ന ചിത്രമായി ഈ പിരീഡ് ക്രൈം ഡ്രാമ ചിത്രം മാറി. അതേ ഒടിടി റിലീസിന് ശേഷവും തീയറ്ററില്‍ ചിത്രം വാരാന്ത്യം പൂര്‍ത്തിയാക്കിയെന്നാണ് വിവരം.
ഒടിടി റിലീസിന് ശേഷവും തിയറ്ററുകളില്‍ ജനം എത്തുക എന്നത് വന്‍ ജനപ്രീതി നേടിയ ചിത്രങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന നേട്ടമാണ്. ബിഗ് കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ഈ പിരീഡ് ഡ്രാമ ചിത്രം തിയറ്റര്‍ വാച്ച് ആവശ്യപ്പെടുന്ന ഒന്നുമാണ്.
കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖറിന് വലിയ ആത്മവിശ്വാസം പകരുന്ന വിജയമാണ് ലക്കി ഭാസ്കര്‍ നേടിയത്. ഒപ്പം അദ്ദേഹത്തിന്‍റെ പാന്‍ ഇന്ത്യന്‍ അപ്പീല്‍ കൂട്ടുന്ന ചിത്രവും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 111.15 കോടിയാണ് ചിത്രം നേടിയത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.
നെറ്റ്ഫ്ളിക്സില്‍ ഭരണം തുടര്‍ന്ന് ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്‍കര്‍