ഒടിടിയിലെത്തി 4 ദിനങ്ങള്‍; ബുക്ക് മൈ ഷോയില്‍ ഇപ്പോഴും ട്രെന്‍ഡിംഗ്! അപൂര്‍വ്വ നേട്ടവുമായി 'ലക്കി ഭാസ്‍കര്‍'
നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്
സമീപകാല ഇന്ത്യന്‍ സിനിമയിലെതന്നെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് ലക്കി ഭാസ്കര്‍. ദുല്‍ഖറിനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം. ഒക്ടോബര്‍ 31 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ഒന്നാണ്. നവംബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഒടിടിയില്‍ എത്തി നാല് ദിവസം പിന്നിടുമ്പോഴും ചിത്രം കാണാന്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നുണ്ട്.
തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിവസം നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ദുല്‍ഖറിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായ ലക്കി ഭാസ്‍കറിന്‍റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 110 കോടിക്ക് മുകളിലാണ്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം ട്രെന്‍ഡിംഗ് ആയി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 9800 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രത്തിന്‍റേതായി വിറ്റിരിക്കുന്നത്. വലിയ ജനപ്രീതിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യമാണിത്.
പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സാമ്പത്തിക മേഖലയിലെ തട്ടിപ്പ് പ്രമേയമാക്കുന്ന ഒന്നാണ്. ഒരു സാധാരണ ബാങ്ക് ജീവനക്കാരില്‍ നിന്നും ദുല്‍ഖറിന്‍റെ ഭാസ്കര്‍ നേടുന്ന അതിശയിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് ചിത്രം ദൃശ്യവത്‍കരിച്ചിരിക്കുന്നത്. കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു, ഒപ്പം വിദേശ മാര്‍ക്കറ്റുകളിലും.
ALSO READ : മധു ബാലകൃഷ്‍ണന്‍റെ ആലാപനം; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനം എത്തി