കൈപിടിച്ചിരിക്കുന്നത് ആരുടെ? നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കി ദുല്‍ഖര്‍
ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ ലോഗോ. മൂന്ന് ചിത്രങ്ങളാണ് കമ്പനി ഇതുവരെ അനൗണ്‍സ് ചെയ്തിട്ടുള്ളത്.
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവാകുന്നുവെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുന്‍പ് പുറത്തെത്തിയതാണ്. ഇതിനകം മൂന്ന് സിനിമകളാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനി അനൗണ്‍സ് ചെയ്തത്. ഇപ്പോഴിതാ 'വേഫെയറര്‍ ഫിലിംസ്' എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കിയിരിക്കുകയാണ് ദുല്‍ഖര്‍.
അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് ലോഗോയില്‍. ഏറെ പ്രാധാന്യമുള്ള ഒരാള്‍ക്കുള്ള കടപ്പാട് ആ ലോഗോയില്‍ ഉണ്ടെന്ന് ഫേസ്ബുക്കില്‍ ദുല്‍ഖര്‍ കുറിച്ചു. ലോഗോയിലുള്ളത് മമ്മൂട്ടിയുടെ കൈപിടിച്ച് നടക്കുന്ന 'കുട്ടി' ദുല്‍ഖറാണെന്നാണ് ഏറെപ്പേരും കരുതിയതെന്ന് ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് സൂചിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ലോഗോയിലുള്ളത് ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ 'ഗോട്ട് മേരി ഇന്‍ ദി ലോഗോ' എന്നൊരു ഹാഷ്ടാഗും ദുല്‍ഖര്‍ ചേര്‍ത്തിട്ടുണ്ട്.
'വേഫെയറര്‍ എന്നാല്‍ ഒരു പര്യവേക്ഷകനാണ്. അജ്ഞാതമായ ഇടങ്ങളിലേക്ക് നടന്നെത്തുന്നയാള്‍. നിര്‍മ്മിക്കുന്ന, പങ്കാളിത്തമുള്ള സിനിമകളില്‍ അതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.' പുതിയ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നു. താന്‍ നായകനാവുന്ന സിനിമകള്‍ മാത്രമാവില്ല കമ്പനി നിര്‍മ്മിക്കുകയെന്നും മറിച്ച് തനിക്ക് പിന്തുണയ്ക്കണമെന്ന് തോന്നുന്ന ചിത്രങ്ങള്‍ക്കൊപ്പവും വേഫെയറര്‍ ഫിലിംസ് ഉണ്ടാവുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന 'കുറുപ്പ്', സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വേഫെയറര്‍ ഫിലിംസ് ഇതുവരെ അനൗണ്‍സ് ചെയ്ത പ്രോജക്ടുകള്‍.