'ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട സീക്വന്‍സുകള്‍'; 'വാലിബന്‍റെ' രാജസ്ഥാന്‍ ഷെഡ്യൂളിനെക്കുറിച്ച് ലിജോ

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്

lijo jose pellissery about rajasthan schedule of malaikottai vaaliban mohanlal nsn

മലൈക്കോട്ടൈ വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂളിന് ഇന്നലെയാണ് അവസാനമായത്. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനായ രാജസ്ഥാനില്‍ 77 ദിവസമാണ് ലിജോയും സംഘവും ചിത്രീകരണം നടത്തിയത്. ഇനി ചെന്നൈയില്‍ ഒരു ചെറിയ ഷെഡ്യൂള്‍ കൂടിയാണ് തീര്‍ ക്കാനായി ബാക്കിയുള്ളത്. ഇപ്പോഴിതാ ഷെഡ്യൂള്‍ അവസാനിപ്പിച്ചുകൊണ്ട് ലിജോ സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രാജസ്ഥാന്‍ ഷെഡ്യൂളില്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പറയുന്നുണ്ട് ഇതില്‍ ലിജോ.

ഒരുപാട് വലിയ തരത്തിലുള്ള സീക്വന്‍സുകള്‍ ഉള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ട് ഉള്ള തരത്തിലുള്ള സീക്വന്‍സുകളുള്ള ഒരു സിനിമ ആയിരുന്നു നമ്മുടെ സിനിമ. പ്രത്യേകിച്ച് രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത്. അപ്പോള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്‍ക്കും നന്ദി. ഓരോ വിഭാഗങ്ങളെയും എടുത്തുപറയുന്നില്ല. പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള്‍ തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്. സബ് കെ ലിയെ ഏക് ബഡാ ബഡാ ശുക്രിയ ഔര്‍ ധന്യവാദ്. ഒപ്പം നിന്നതിന് നന്ദി. ചെന്നൈയില്‍ നമുക്ക് ഒരു ചെറിയ ഷെഡ്യൂള്‍ കൂടി ഉണ്ട്. ഇവിടെ വന്നതിനു ശേഷം എന്‍റെ ഹിന്ദി കുറച്ച് മെല്ലപ്പെട്ടു, ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

 

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ : കുട്ടനാടിന്‍റെ കായല്‍ സൗന്ദര്യം ആസ്വദിച്ച് വിജയ് ദേവരകൊണ്ടയും സാമന്തയും; തെലുങ്ക് ചിത്രം ആലപ്പുഴയില്‍

Latest Videos
Follow Us:
Download App:
  • android
  • ios