46 വർഷം, സുഖത്തിലും ദുഃഖത്തിലും ചേർത്ത് നിർത്തിയ സ്നേഹം, ഒടുവിൽ ആലീസിനെ തനിച്ചാക്കി ഇന്നച്ചൻ പോയി
നാല് തവണ ആലീസിനെ പെണ്ണ് കാണാൻ പോയിട്ടുണ്ടെന്ന് ഇന്നസെന്റ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
മലയാള ചലച്ചിത്ര ലോകത്തെ സംബന്ധിച്ച് പകരക്കാരില്ലാത്ത ഒരു സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളും സ്വഭാവ വേഷങ്ങളുമെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പ്രിയനടൻ ഇനി ഇല്ല എന്നത് ഓരോ മലയാളികളുടെയും ഉള്ളുയ്ക്കുന്നുണ്ട്. ക്യാൻസർ എന്ന മഹാരോഗത്തെ സധൈര്യം നേരിട്ട് ജീവിതത്തിലേക്ക് എത്തിയ ഇന്നസെന്റ് കലയവനികയ്ക്ക് ഉള്ളിൽ മൺമറഞ്ഞു പോയി. തന്റെ ജയപരാജയങ്ങൾക്കും സുഖ- ദുഃഖത്തിലും സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്ന ആലീസിനെ തനിച്ചാക്കിയാണ് ഇന്നച്ചൻ കഴിഞ്ഞ ദിവസം യാത്രയായത്. പ്രിയതമന്റെ വിയോഗം ഉൾക്കൊള്ളാനുള്ള ശക്തി ആലീസിന് നൽകട്ടെ എന്ന് സിനിമാലോകം ഒന്നടങ്കം പ്രാർത്ഥിക്കുന്നു.
ഇന്നസെന്റിന്റെ അഭിമുഖങ്ങളിൽ എപ്പോഴും കേൾക്കുന്ന പേരാണ് ഭാര്യ ആലീസിന്റേത്. ജീവിതയാത്രയിൽ താങ്ങും തണലുമായി ആലീസ് ഇന്നച്ചന്റെ ഒപ്പം ചേർന്നിച്ച് 47 വർഷം പൂർത്തിയാകാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രണയ വിവാഹം ആയിരുന്നോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും ജീവിതവും. പക്ഷേ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
നാല്പത്തിയാറ് വർഷങ്ങൾക്ക് മുൻപ് നെല്ലായി എന്ന സ്ഥലത്ത് പോയാണ് ആലീസിനെ ഇന്നസെന്റ് കാണുന്നത്. നാല് തവണ ആലീസിനെ പെണ്ണ് കാണാൻ പോയിട്ടുണ്ടെന്ന് ഇന്നസെന്റ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ആലീസിന്റെ അമ്മാമയ്ക്ക് ആയിരുന്നു ഇന്നസെന്റിനെ കൂടുതൽ ഇഷ്ടപ്പെട്ടത്. 'ഞാൻ കാണാൻ ചെന്ന അന്നുതന്നെ അമ്മാമയെ കെട്ടിപ്പിടിച്ച് ഒരുപാട് സംസാരിച്ചു. ഇനി ഒന്നും നോക്കണ്ട, ഈ ചെറുക്കൻ തന്നെ മതി എന്ന് അമ്മാമ പറഞ്ഞു',എന്ന് ഇന്നസെന്റ് പറഞ്ഞിരുന്നു.
എന്നാൽ അന്ന് ഇന്നസെന്റ് സിനിമാ നടൻ ആണെന്ന് അറിയില്ലായിരുന്നെന്നാണ് ആലീസ് പറഞ്ഞിരുന്നത്. ബിസിനസ് ആണെന്ന് പറഞ്ഞിട്ടാണ് കാണാൻ വന്നത്. തീപ്പെട്ടിക്കമ്പനിയാണെന്ന് പറഞ്ഞു. ദാവൻഗിരിയിലും നാട്ടിലും കമ്പനി ഉണ്ടായിരുന്നു. എനിക്ക് ഇന്നസെന്റിനെ കണ്ടപ്പോൾതന്നെ ഇഷ്ടപ്പെട്ടു. അന്ന് അമ്മയും ഇന്നസെന്റും കൂടിയാണ് കാണാൻ വന്നതെന്നും ആലീസ് മുൻപ് ഓർത്തെടുത്തിരുന്നു. അങ്ങനെ നാല്പത്തി ആറ് വർഷങ്ങൾക്ക് മുൻപുള്ളൊരു സെപ്റ്റംബറിൽ ആലീസ് , ഇന്നസെന്റിന്റെ കയ്യുംപിടിച്ച് ഇരിങ്ങാലക്കുടയിലേക്ക് വന്നു.
'എന്നുടെ പെരിയ അച്ചീവ്മെന്റ്': ഇന്നസെന്റിനൊപ്പം സെൽഫി എടുത്ത സൂര്യ
അന്ന് മുതൽ സന്തോഷത്തിലും സങ്കടത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും കൂടെയുണ്ടാകും എന്ന് വാക്ക് കൊടുത്ത് ഇരിങ്ങാലക്കുടക്കാരന്റെ ജീവിതത്തിലേക്ക് വന്ന ആലീസ് ആ വാക്ക് അക്ഷരാർത്ഥത്തിൽ പാലിക്കുകയായിരുന്നു. രണ്ട് തവണ ക്യാൻസർ ബാധിച്ചപ്പോഴും അദ്ദേഹത്തിനൊപ്പം മനോധൈര്യം നൽകി, ബാക്ക് ബോൺ ആയി ആലീസ് നിന്നു. രോഗാവസ്ഥ പോലും പരസ്പരം പങ്കുവച്ചാണ് ഇന്നസെന്റും ആലീസും ജീവിതം മുന്നോട്ട് കൊണ്ട് പോയത്.