റിലീസ് ദിനത്തില്‍ 'ലിയോ'യ്ക്ക് 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ! കേരളത്തിലെ ഈ തിയറ്ററില്‍
പുലര്‍ച്ചെ നാല് മുതല്‍ പ്രദര്‍ശനങ്ങള്‍
ഇഷ്ട താരങ്ങളുടെ പുതിയ സിനിമകള്‍ക്ക് ആരാധകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകള്‍ ഒരുക്കാറുണ്ട്. റെഗുലര്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് നന്നേ പുലര്‍ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും ശ്രദ്ധ നേടാറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകളെല്ലാം പുലര്‍ച്ചെ നാലിനാണ് ആരംഭിക്കാറ്. ഇപ്പോഴിതാ അത്തരം ഫാന്‍സ് ഷോകളില്‍ റെക്കോര്‍ഡ് ഇടാന്‍ എത്തുകയാണ് ഒരു തമിഴ് ചിത്രം. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രമാണ് റെക്കോര്‍ഡ് ഫാന്‍സ് ഷോകളിലൂടെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ബിഗ് കാന്‍വാസ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് സാധാരണ ഏതാനും പ്രദര്‍ശനങ്ങളാണ് റിലീസ് ദിനത്തില്‍ ഫാന്‍സ് ഷോകളായി നടക്കാറെങ്കില്‍ വിജയ് ചിത്രത്തിന് 24 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ഫാന്‍സ് ഷോകളാണ് നടക്കുക. തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലാണ് വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്‍റെ നേതൃത്വത്തില്‍ മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. റിലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ഷോകളുടെ സമയം.
വലിയ ഹൈപ്പോടെയും പ്രൊമോഷനോടെയും വരുന്ന വിജയ് ചിത്രം എന്നതാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാനുള്ള കാരണമെന്ന് സംഘടനയുടെ പ്രതിനിധി നിധിന്‍ ആന്‍ഡ്രൂസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. റിലീസ് ദിനത്തില്‍ തിയറ്റര്‍ എടുത്തിരിക്കുകയാണ് തങ്ങളെന്നും എല്ലാ ഷോകള്‍ക്കും ആളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിധിന്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ സംഘടന ലിയോയുടെ റിലീസിന് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സിംഗ് പഠനം കഴിഞ്ഞ് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 പേരെ തെരഞ്ഞെടുത്ത് സ്പോണ്‍സര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും നിധിന്‍ പറയുന്നു. ഒക്ടോബര്‍ 7 നാണ് ഈ പരിപാടി നടക്കുക.
ALSO READ : 'ബിലാല്‍' അല്ല! സര്‍പ്രൈസ് പ്രൊജക്റ്റുമായി അമല്‍ നീരദ്, നായകന്‍ ചാക്കോച്ചന്‍
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ