'പാര്‍ഥി' എന്ന 'ലിയോ' ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു, മലയാളത്തിലും കാണാം
തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം
വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലിയോയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സ്ട്രീമിംഗ് തുടങ്ങിയത്. തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം കോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയവുമാണ്. എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ലോകേഷ് ഒരുക്കുന്ന വിജയ് ചിത്രമെന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് ലിയോ. റിലീസ് ദിനത്തില്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് നേടിയതെങ്കിലും കളക്ഷനില്‍ വലിയ കുതിപ്പിനാണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് ആണ് ലിയോ നേടിയത്. 148.5 കോടി.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 612 കോടിയാണ്. തമിഴിലെ ആള്‍ ടൈം ഹിറ്റുകളില്‍ രജനികാന്തിന്‍റെ ഷങ്കര്‍ ചിത്രം 2.0 യ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ലിയോ. പാര്‍ഥിപന്‍, ലിയോ എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലെത്തിയ വിജയ്‍യുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. തൃഷയായിരുന്നു നായിക. അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതവും ആരാധകരെ സൃഷ്ടിച്ചു. അതേസമയം ചിത്രം ഇന്ത്യയില്‍ മാത്രമാണ് നെറ്റ്ഫ്ലിക്സ് ഇപ്പോള്‍ സ്ട്രീം ചെയ്യുന്നത്. വിദേശ ഈ മാസം 28 ന് സ്ട്രീമിംഗ് തുടങ്ങും.
ALSO READ : ഷൂട്ടിംഗ് സെറ്റിലെ അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി സൂര്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം