'ലിയോ' കശ്‍മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ലോകേഷ് കനകരാജ്; ഇനിയുള്ള ലൊക്കേഷനുകളില്‍ മൂന്നാറും?

ഹൈദരാബാദിലും ചെന്നൈയിലുമാണ് ഇനി നടക്കാനിരിക്കുന്ന പ്രധാന ചിത്രീകരണം

leo kashmir schedule wrapped thalapathy vijay lokesh kanagaraj nsn

കോളിവുഡില്‍ നിലവില്‍ ഏറ്റവുമധികം ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍ക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പല ഘടങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു മാസത്തിലേറെ നീണ്ട കശ്മീര്‍ ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ്. ചിത്രീകരണ സംഘം ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും.

ഹൈദരാബാദിലും ചെന്നൈയിലുമാണ് ഇനി നടക്കാനിരിക്കുന്ന പ്രധാന ചിത്രീകരണം. സ്റ്റുഡിയോകളില്‍ തയ്യാറാക്കുന്ന സെറ്റുകളിലാവും ഇവിടങ്ങളിലെ ചിത്രീകരണം. ഒരു ചെറിയ ഔട്ട്ഡോര്‍ ചിത്രീകരണം മൂന്നാറിലും ഉണ്ടായേക്കാമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രമാണ് ഇത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈന്‍. ചിത്രം എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിന്‍റെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകര്‍ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുണ്ട്. 

 

ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ALSO READ : ഐശ്വര്യ രജനികാന്തിന്‍റ വീട്ടുജോലിക്കാരി മോഷ്ടിച്ചത് 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാം വജ്രവുമെന്ന് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios