'ലിയോ' ആ വ്യക്തിക്കുള്ള എന്‍റെ ആദരം; ലോകേഷ് വെളിപ്പെടുത്തുന്നു

വന്‍ വിജയമാണ് ലിയോ നേടിയത്

leo is my tribute to a history of violence director david cronenberg says lokesh kanagaraj nsn

സമീപകാലത്ത് കോളിവുഡില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമയായിരുന്നു ലിയോ. അമിതപ്രതീക്ഷ പലപ്പോഴും സിനിമകള്‍ക്ക് വിനയാവാറുണ്ട്. ആദ്യദിനം എത്തിയ പ്രേക്ഷകാഭിപ്രായങ്ങളില്‍ സമ്മിശ്ര പ്രതികരണം എത്തിയപ്പോള്‍ അത് ചിത്രത്തിന്‍റെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോ എന്നും സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തിലുള്ള എല്ലാ സംശയങ്ങളെയും മറികടന്ന് 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു ചിത്രം. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കനുസരിച്ച് ആദ്യ 12 ദിനങ്ങളില്‍ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 540 കോടിയാണ്.

ചിത്രം 2005 ഹോളിവുഡ് ചിത്രം എ ഹിസ്റ്ററി ഓഫ് വയലന്‍സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് റിലീസിന് വളരെ മുന്‍പേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നതാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡിലും ഹിസ്റ്ററി ഓഫ് വയലന്‍സിന്‍റെയും സംവിധായകന്‍ ഡേവിഡ് ക്രോനെന്‍ബെര്‍​ഗിന്‍റെയും പേര് ലോകേഷ് ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ലിയോ എന്ന ചിത്രം ക്രോനെന്‍ബെര്‍​ഗിനുള്ള തന്‍റെ ആദരമായിരുന്നെന്ന് പറയുകയാണ് ലോകേഷ്. അമേരിക്കന്‍ മാധ്യമ സ്ഥാപനമായ വെറൈറ്റിക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് ലോകേഷ് ഇങ്ങനെ പറയുന്നത്.

"ലിയോ എഴുതാന്‍ എനിക്ക് പ്രചോദനമായത് എ ഹിസ്റ്ററി ഓഫ് വയലന്‍സ് ആണ്. ആ ചിത്രം എന്നില്‍ ഒരു മുദ്ര അവശേഷിപ്പിച്ചിരുന്നു. അതില്‍ നിന്നാണ് ലിയോ ജനിച്ചത്. ലിയോ എന്‍റെ ആദരമാണ്. ലിയോയുടെ വിജയം എനിക്ക് മാത്രമല്ല മുഴുവന്‍ അണിയറക്കാരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള കാര്യമാണ്", ലോകേഷ് പറഞ്ഞു.

ലിയോയ്ക്ക് ശേഷം ലോകേഷിന്‍റേതായി വരാനിരിക്കുന്ന എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ചിത്രങ്ങള്‍ കൈതി 2, വിക്രം 2, റോളക്സ് എന്നിവയാണ്. എന്നാല്‍ എല്‍സിയുവിന് പുറത്താണ് ലോകേഷിന്‍റെ അടുത്ത ചിത്രം. രജനികാന്ത് ആണ് ഈ ചിത്രത്തിനെ നായകന്‍. സൂര്യയെ നായകനാക്കി ലോകേഷ് ആലോചിക്കുന്ന ഇരുമ്പുകൈ മായാവിയും എല്‍സിയുവിന് പുറത്തുള്ള ചിത്രമാണ്. 

ALSO READ : 'വിവാഹം എപ്പോള്‍'? ആ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കൂട്ടുകാരിയുമായി ഷൈന്‍ വേദിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios