പുലര്‍ച്ചെ 4 മണിക്ക് അല്ല, അര്‍ധരാത്രി 12.05 ന്! 'ലിയോ'യുടെ ആദ്യ ഷോ ഈ ഇന്ത്യന്‍ നഗരത്തില്‍
കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങും
ദളപതി വിജയിയുടെ ലിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എമ്പാടും. സമീപകാലത്തെങ്ങും ഒരു ചിത്രത്തിന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്നത് സിനിമാപ്രേമികള്‍ കണ്ടിട്ടുണ്ടാവില്ല. ചിത്രത്തിന് ലഭിച്ച ഹൈപ്പിനുള്ള തെളിവായിരുന്നു അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ചിത്രം സ്വന്തമാക്കിയ കളക്ഷന്‍. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ കൊണ്ടുതന്നെ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി പിന്നിട്ടിരുന്നു. അതേസമയം വിവിധ ഇടങ്ങളില്‍ പല സമയങ്ങളിലാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്.
പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ നിരോധിച്ചിരിക്കുന്ന തമിഴ്നാട്ടില്‍ രാവിലെ 9 മണിയ്ക്ക് മാത്രമേ ഫസ്റ്റ് ഷോസ് ആരംഭിക്കുകയുള്ളൂവെങ്കില്‍ കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങും. എന്നാല്‍ ലിയോയുടെ ആദ്യ ഷോ കേരളത്തിലോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലോ അല്ല. മറിച്ച് ഒരു ഇന്ത്യന്‍ നഗരത്തില്‍ തന്നെയാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ചിത്രത്തിന്‍റേതായി നടക്കുന്ന ആദ്യ പ്രദര്‍ശനം. ഗാന്ധിനഗറിലെ സെയ്ന്‍ലൈറ്റ് സിനിമാസില്‍ അര്‍ധരാത്രി 12.05 നാണ് ലിയോയുടെ ആദ്യ ഷോ. ഇതിന്‍റെ ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. 2 മണിക്കൂര്‍ 44 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. അതായത് പുലര്‍ച്ചെ മൂന്ന് മണിയോടെ ചിത്രം കണ്ട ആദ്യ ബാച്ച് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങും. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങളും പുറത്തെത്തും.
ലോകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രത്തിന് ശേഷം അദ്ദേഹം വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിന് കാരണം. കൈതിക്കും വിക്രത്തിനും ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാവുമോ ഈ ചിത്രം എന്നതും ഹൈപ്പിന് കാരണമാണ്. ചിത്രം എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമെന്ന് തന്നെയാണ് ആരാധകരില്‍ വലിയൊരു വിഭാഗവും കരുതുന്നത്.
ALSO READ : 'മരക്കാറും' 'കുറുപ്പു'മൊക്കെ പിന്നില്‍! കേരളത്തിലെ സ്ക്രീന്‍ കൗണ്ടില്‍ ഞെട്ടിച്ച് 'ലിയോ'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക