കുളിക്കാൻ വെള്ളമില്ല, വരില്ല; എആർ റഹ്മാനോട് കാത്തിരിക്കാൻ പറഞ്ഞ, തലയെടുപ്പും തന്നിഷ്ടവും അലങ്കാരമാക്കിയ ഗായകൻ
തലയെടുപ്പും തന്നിഷ്ടവും ആയിരുന്നു പി ജയന്ദ്രന്‍റെ വ്യക്തിജീവിതത്തിന്റെ അലങ്കാരം. ഗായകന്‍ എന്ന മേല്‍വിലാസത്തിനായി തന്റെ ഇഷ്ടങ്ങളെയോ നിലപാടുകളെയോ ഒരിക്കലും അദ്ദേഹം മാറ്റിവച്ചില്ല.
കൊച്ചി: പതിഞ്ഞ ഭാവത്തിലെ പാട്ടുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്പോഴും പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം കൂടിയായിരുന്നു പി ജയചന്ദ്രന്റേത്. പുത്തന്‍ തലമുറ ട്രെന്‍ഡായി കൊണ്ടാടിയ പാട്ടുകളോട് തന്റെ അഭിപ്രയ വ്യത്യാസം തുറന്ന് പറയാനും അദ്ദേഹം മടിച്ചില്ല. ഒരു റിയാലിറ്റി ഷോയ്ക്കിടെ ധനുഷ് ചിത്രത്തിലെ 'കൊലവെറി' എന്ന ഗാനം ഒരു മത്സരാര്‍ത്ഥി ആലപിച്ചതിനെ തുടർന്ന് വേദിയിൽ നിന്നിറങ്ങിപ്പോയി ജയചന്ദ്രന്‍.
കൊലവെറി പോലുള്ള പാട്ടുകള്‍ പുതിയ തലമുറയുടെ തലയിലെഴുത്താണെന്ന് പരിഹസിച്ച് അത്തരമൊരു പാട്ടിന് മാര്‍ക്കിടാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് റിയാലിറ്റി ഷോയില്‍ നിന്നും ഇറങ്ങിപ്പോയ നിലപാടുകാരന്‍. ശാസ്ത്രീയമായി സംഗീതം പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെ പാടാന്‍ പറ്റില്ലായിരുന്നെന്നും ഗാനമേളയ്ക്ക് കിട്ടുന്ന കാശ് പോലും ലഭിക്കില്ലായിരുന്നെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. കൊലവെറി എന്ന പാട്ട് എപ്പോള്‍ കേട്ടാലും ഇറങ്ങിപ്പോരും. കൊലവെറി കഴിയുമ്പോള്‍ തിരിച്ചുവരികയും ചെയ്യും എന്നായിരുന്നു സംഭവത്തോട് ജയചന്ദ്രന്‍റെ പ്രതികരണം. ഗാനമേളകള്‍ക്ക് പാടുന്പോഴും ഓര്‍ക്കസ്ട്ര വച്ചുതന്നെ പാടണം. മൈനസ് ട്രാക്ക് വച്ച് പാട്ടുന്നവരെ തല്ലുകയാണ് വേണ്ടതെന്ന് തുറന്ന് പറഞ്ഞ ഗായകനാണ് ജയചന്ദ്രൻ.
ഒരിക്കല്‍ എ.ആര്‍ റഹ്മാന്‍ ജയചന്ദ്രനെ ഒരു പാട്ടു പാടാന്‍ വിളിച്ചു. ഇപ്പോള്‍ പറ്റില്ല, വീട്ടില്‍ വെള്ളമില്ല, ഞാന്‍ കുളിക്കാതെ വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. പിന്നീട് വെള്ളം വന്ന് കുളിച്ച ശേഷം ജയചന്ദ്രന്‍ റഹ്മാന്റെ ഓഫീസിലേക്ക് അങ്ങോട്ട് വിളിച്ചു. ഇനി വേണമെങ്കില്‍ പാടാന്‍ വരാമെന്ന് പറഞ്ഞു. പക്ഷേ അപ്പോഴേക്കും ആ പാട്ട് മാറ്റൊരാള്‍ക്ക് പോയിരുന്നു. ഇങ്ങനെ പല അവസരങ്ങളും ജയചന്ദ്രന് നഷ്ടമായിട്ടുണ്ട്. അതൊക്കെ നഷ്ടടങ്ങളാണെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമാണ് തോന്നിയത്. അദ്ദേഹത്തിന് ഒരിക്കലും അങ്ങനെ തോന്നിയിരുന്നില്ല. 15 വര്‍ഷം മലയാള സിനിമയില്‍ പാടാതിരുന്ന കാലത്തെ കുറിച്ചും നഷ്ടബോധത്തോടെ എങ്ങും സംസാരിച്ചിട്ടുമില്ല.
സുശീലാമ്മയായിരുന്നു സംഗീതലോകത്തെ പി ജയചന്ദ്രന്‍റെ കണ്‍കണ്ട ദൈവം. അമ്മയെ കുറിച്ച് പറയാന്‍ എപ്പോഴും നൂറ് നാവായിരുന്നു. അതുപോലെ തന്നെ ആരാധിച്ചിരുന്നു എം.എസ്.വിശ്വനാഥനെയും മുഹമ്മദ് റാഫിയെയും. തലയെടുപ്പും തന്നിഷ്ടവും ആയിരുന്നു പി ജയന്ദ്രന്‍റെ വ്യക്തിജീവിതത്തിന്റെ അലങ്കാരം. ഗായകന്‍ എന്ന മേല്‍വിലാസത്തിനായി തന്റെ ഇഷ്ടങ്ങളെയോ നിലപാടുകളെയോ ഒരിക്കലും അദ്ദേഹം മാറ്റിവച്ചില്ല. തൈര് ഉപയോഗിക്കരുതെന്ന് പല പാട്ടുകാരും സ്നേഹത്തോടെ വിലക്കിയിട്ടും ജയചന്ദ്രന് അത് ചെവിക്കൊണ്ടില്ല. മുറുക്കുന്നത് ഹരമാണെങ്കിലും അതുമാത്രം തന്റെ ജീവിതത്തില്‍ അല്‍പം നിയന്ത്രിച്ചു. തന്നെ പറ്റി ആരെന്ത് പറഞ്ഞാലും കൂസാതെയുള്ള ജീവിതം. അതേസമയം നല്ല പാട്ടുകളെ കുറിച്ചും പാട്ടറിവിനെക്കുറിച്ചും സമാനതകളില്ലാത്ത അറിവും അര്‍പ്പണവും. വ്യക്തിജീവിതത്തിലും ഒരു കാട്ടുകൊമ്പന്‍റെ ശൗര്യത്തോടെ നിറഞ്ഞ ഇതിഹാസത്തിന് പ്രണാമം .