പുത്തന്‍ ലുക്കില്‍ ശരവണന്‍; അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് കാത്ത് ആരാധകര്‍
വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് ശരവണന്‍
സ്വന്തം സ്ഥാപനത്തിന്‍റെ പരസ്യചിത്രങ്ങളിലെ നായകനായാണ് ശരവണന്‍ ആസ്വാദകശ്രദ്ധയിലേക്ക് ഇടംപിടിക്കുന്നത്. പലര്‍ക്കും അദ്ദേഹം ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കിലും ശരവണനെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ തന്‍റെ സ്ഥാപനത്തിന് വന്‍ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ലെജന്‍ഡ് എന്ന പേരില്‍ സിനിമാ അരങ്ങേറ്റം നടത്തിയപ്പോഴും കാണികളെ തിയറ്ററുകളിലെത്തിക്കാന്! അദ്ദേഹത്തിന് സാധിച്ചു. ലെജന്‍ഡിന്‍റെ വിജയത്തിനു ശേഷം ശരവണന്‍റെ ഒരു പ്രോജക്റ്റ് എപ്പോഴെന്ന കൗതുകം തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രഖ്യാപനം സംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുകയാണ് ശരവണന്‍.
മേക്കോവര്‍ നടത്തിയ തന്‍റെ ചിത്രങ്ങളാണ് ശരവണന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക് ഷര്‍ട്ടും ഓറഞ്ച് നിറത്തിലുള്ള കോട്ടും പാന്‍റ്സും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചാണ് ശരവണന്‍ ചിത്രങ്ങളില്‍ ഉള്ളത്. ഒപ്പം ട്രിം ചെയ്ത് നിര്‍ത്തിയിരിക്കുന്ന താടിയും മീശയുമുണ്ട്. ലെജന്‍ഡ് സിനിമയില്‍ നിന്ന് വ്യത്യസ്തമായ ലുക്ക് ആണ് ഇത്. ലെജന്‍ഡില്‍ ക്ലീന്‍ ഷേവ് ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ എത്തുമെന്ന് പോസ്റ്റിനൊപ്പം ശരവണന്‍ പറഞ്ഞിട്ടുണ്ട്. പുതിയ യുഗം ആരംഭിക്കുന്നു എന്ന് ഒരു ഹാഷ് ടാഗും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
അതേസമയം ഇത് പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള ഒന്നാണെന്ന തീര്‍ച്ഛയിലാണ് സോഷ്യല്‍ മീഡിയ. വരാനിരിക്കുന്ന ചിത്രം ലെജന്‍ഡ് 2 ആണോയെന്ന് പോലും പലരും ചോദിക്കുന്നുണ്ട്. റിലീസിനു മുന്‍പ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെ നേടിയിരുന്നെങ്കിലും മികച്ച ഇനിഷ്യല്‍ നേടിയ ചിത്രമായിരുന്നു ലെജന്‍ഡ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും ചിത്രം അടുത്തിടെ എത്തിയിരുന്നു. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : കേരളത്തിലെ മാലിന്യ പ്രശ്‍നം: ആറ് വര്‍ഷം മുമ്പ് മോഹൻലാല്‍ എഴുതിയ ബ്ലോഗ് ചര്‍ച്ചയാകുന്നു