സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര്‍; സംവിധായികയ്ക്ക് എതിരെ പ്രതിഷേധം
#ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.
ദില്ലി : ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ( Leena Manimekalai) പുതിയ ഡോക്യുമെന്ററി പോസ്റ്റർ വിവാദത്തിൽ. പോസ്റ്ററിൽ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കാളിദേവിയെ അപമാനിച്ചുഎന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്.
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റർ ശനിയാഴ്ചയാണ് പങ്കുവെച്ചിരുന്നത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ(Gau Mahasabha) തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.
Ponniyin Selvan : 'ആദിത്യ കരികാലനാ'യി വിക്രം, 'പൊന്നിയിൻ സെല്‍വൻ' ഫസ്റ്റ് ലുക്ക് പുറത്ത്
അതേസമയം, പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അത് നൽകാം', എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.
'ടൊറന്റോയിലെ തെരുവുകളിൽ ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാൽ 'ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക' എന്ന ഹാഷ്‌ടാഗ് ഇടാതെ, 'ലവ് യു ലീന മണിമേഖലൈ' എന്ന ഹാഷ്‌ടാഗാണ് ഇടുകയെന്നും സംവിധായിക തമിഴിൽ ട്വീറ്റ് ചെയ്തു.