കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി
അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി.
അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ മകൾ വൃന്ദ വിവാഹിതയായി. ആഷിക്കാണ് വരൻ. അച്ഛന്റെ സ്ഥാനത്തു നിന്ന് സഹോദരൻ വിഷ്ണുവാണ് വിവാഹത്തിന് മുന്നിൽ നിന്ന് ചടങ്ങുകൾ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ഈ വർഷം ഫെബ്രുവരി 17നായിരുന്നു മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പ്രദീപ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു പ്രദീപ്. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ 'വിണ്ണെ താണ്ടി വാരുവായ' എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. പഠത്തിന് ശേഷം മൂന്നാലു വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി. പിന്നെ എൽഐസിയിൽ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വർഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
'ഇക്കാ, ഇന്നെന്റെ ജന്മദിനം ആണെ'ന്ന് ആരാധകൻ; 'ഫാൻ ബോയ് മൊമന്റ്' നൽകി ദുൽഖർ