ഒറ്റ കട്ട് മാത്രം, സെൻസറിംഗ് കഴിഞ്ഞു, ചാവേര്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാവ്
ചാവേറിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു.
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ചാവേര്‍. സംവിധാനം ടിനു പാപ്പച്ചനാണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ചാവേറില്‍ അര്‍ജുൻ അശോകനും ആന്റണി വര്‍ഗീസും മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ചാവേറിന്റെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചുവെന്നും നിര്‍മാതാവ് അരുണ്‍ നാരായണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ചാവേറിന് ഒരു കട്ട് മാത്രമാണ് സെൻസര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഡയലോഗുകളില്‍ ഒന്നാണ് മാറ്റാൻ നിര്‍ദ്ദേശിച്ചത്. ചാവേറിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും ഒമ്പത് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം എന്നും റിലീസ് ഒക്ടോബര്‍ അഞ്ചിനായിരിക്കും എന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നീണ്ടതിനാലാണ് വൈകിയതെന്നും അരുണ്‍ നാരായണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.
സമീപകാലത്ത് വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബന്‍, ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രം കൂടിയാണ് ചാവേര്‍. പ്രൊമേഷന്‍ മെറ്റീരിയലുകളില്‍ നിന്നും ചിത്രം ഗംഭീര ദൃശ്യവിരുന്ന് ഒരുക്കുമെന്ന് ഉറപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. ടിനു പാപ്പച്ചന്‍ ചെയ്‍ത സിനിമകളില്‍ തനിക്ക് ഇഷ്‍ടക്കൂടുതൽ ചാവേറിനോടാണ് എന്ന് ലിജോ ജോസ് നേരത്തെ വെളിപ്പെടുത്തിയത് ആ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.
ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ജോയ് മാത്യുവാണ്. അരുണ്‍ നാരായണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിലാണ് നിര്‍മാണം. അരുണ്‍ നാരായണനൊപ്പം വേണു കുന്നപ്പിള്ളിയും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്.
സംഗീതം ജസ്റ്റിൻ വര്‍ഗീസാണ്. സ്റ്റണ്ട് സുപ്രീം സുന്ദറുമാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജിന്റോ ജോര്‍ജാണ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസും ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്‌സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കൽ, വിഎഫ്എക്സ് ആക്സിൽ മീഡിയ, സൗണ്ട് മിക്‌സിങ് ഫസൽ എ ബക്കർ, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റിൽ അർജുൻ കല്ലിങ്കൽ, അസോസിയേറ്റ് ഡയറക്ടർ സുജിത്ത് സുന്ദരൻ, ആർ അരവിന്ദൻ, ടൈറ്റിൽ ഗ്രാഫിക്സ് എബി ബ്ലെൻഡ്, ഡിസൈൻ മാക്ഗഫിന്‍ എന്നിവരുമാണ്.
Read More: കാത്തിരുന്നവര്‍ നിരാശയില്‍, ലിയോയുടെ അപ്‍ഡേറ്റ്, എന്തുകൊണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കി?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക