രണ്ട് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്റെ 'ദേവദൂതർ പാടി'; ഡാൻസ് ഒരുരക്ഷയുമില്ലെന്ന് ആരാധകർ

37 വർഷങ്ങൾക്ക് ശേഷമാണ് 'ദേവദൂതര്‍ പാടി' എന്ന ​ഗാനം വീണ്ടും എത്തുന്നത്.

Kunchacko Boban Nna Thaan Case Kodu movie song cross two million views in youtube

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്'(Nna Thaan Case Kodu). മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ 'ദേവദൂതര്‍ പാടി' എന്ന ​ഗാനം കഴിഞ്ഞ ദിവസം ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ ആയിരുന്നു ​ഗാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ​ഗാനം രണ്ട് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

37 വർഷങ്ങൾക്ക് ശേഷമാണ് 'ദേവദൂതര്‍ പാടി' എന്ന ​ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ ഡിസ്കോ ഡാൻസ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. ഉത്സവ പറമ്പുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ അതിമനോഹരമായാണ് ചാക്കോച്ചൻ അവതരിപ്പിച്ചതെന്നുമാണ് ആരാധകർ പറയുന്നത്. 

"നമ്മുടെ നാട്ടിലെ ഉത്സവപറമ്പിലും പള്ളിപെരുന്നാൾ ഗാനമേളകളിലും കാണുന്ന തനി നാടൻ അഡാർ ഐറ്റം ഡാൻസ്, ചക്കോച്ചന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെർഫോമൻസ്.... സത്യത്തിൽ ഇതിൽ ചാക്കോച്ചൻ ഇല്ല.... കഥാപാത്രം മാത്രം.... കിടുക്കി, എക്കാലവും കേട്ടു കഴിഞ്ഞാൽ ആരായാലും താളം പിടിച്ചു പോകുന്ന പാട്ട്.. അതിന്റെ താളത്തിൽ ഒരു പോരായ്മയും ഇല്ലാതെ തന്നെ പുതിയ വേർഷൻ... കലക്കി.. ചാക്കോച്ചൻ പിന്നെ പൊളിയാ.. ഒരു രക്ഷയുമില്ല... തകർത്തു", എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. 

37 വർഷങ്ങൾ മുമ്പ് താൻ ഈണമിട്ട ​ഗാനം വീണ്ടും എത്തിയ സന്തോഷം പങ്കുവച്ച് ഔസേപ്പച്ചൻ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. 'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന്  ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ  കീബോർഡ്  എ .ആർ.റഹ്മാൻ , ഗിറ്റാർ  ജോൺ  ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ  ഓർക്കസ്‌ട്രേഷൻ  പുനർ  സൃഷ്ടിച്ചത് ഗംഭീരമായി', എന്നാണ് ഔസേപ്പച്ചൻ ​ഗാനം പങ്കുവച്ച് കൊണ്ട് കുറിച്ചത്. 

റിപ്രൊഡ്യൂസ് ചെയ്‍ത 'ദേവദൂതര്‍ പാടി' ​ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണന്‍. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം 'ഷെര്‍ണി'യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. 'സൂപ്പര്‍ ഡീലക്സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

'ചാക്കോച്ചാ പൊളിച്ചൂടാ മോനെ'; വർഷങ്ങൾക്ക് ശേഷം 'ദേവദൂതര്‍ പാടി' എത്തിയപ്പോൾ ഔസേപ്പച്ചൻ പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios