'കുഞ്ചാക്കോ ബോബൻ ഒരു വിഷമവും പറഞ്ഞില്ല, കാരവാനില്‍പോലും പോയില്ല'

അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളതെന്ന് അന്വേഷിക്കണമെന്നും ആസാദ് കണ്ണാടിക്കല്‍.

Kunchacko Boban is supportive film actor Azad Kannadikkal says hrk

കുഞ്ചാക്കോ ബോബൻ 'പദ്‍മിനി' എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുത്തില്ലെന്ന് ആരോപണമുണ്ടായിരുന്നു. രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും ചാക്കോച്ചൻ സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ല എന്നാണ് നിര്‍മാതാവ് ആരോപിച്ചത്. തുടര്‍ന്ന് 'പദ്‍മിനി'യുടെ പോസ്റ്ററുകളില്‍ ചാക്കോച്ചന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്നുമില്ല. കുഞ്ചാക്കോ ബോബന് പിന്തുണയുമായി 'ചാവേര്‍' സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍ തന്റെ സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നു.

ആസാദ് കണ്ണാടിക്കലിന്റെ കുറിപ്പ്

കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ കണ്ടിരുന്നു, കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ സിനിമയുടെ പ്രൊമോഷൻ ചെയ്യാൻ അദ്ദേഹം പോയില്ല കുടുംബവുമായി ടൂർ പോയിരിക്കുന്നു എന്ന് പറഞ്ഞ് ഒരു സിനിമയുടെ നിർമ്മാതാവിന്റെ പരാതി. ഒരു നിർമ്മാതാവ് ഒരു താരത്തിനെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കിൽ അയാൾ അതിന് ആ താരത്തിന് എന്താണ് മൂല്യം (കച്ചവട സാധ്യത ) തീർച്ചയായും നോക്കുന്നത് ആയിരിക്കും. അതുതന്നെയാണ് നടന് പ്രതിഫലം കൊടുക്കുന്നതും. അല്ലാതെ ഇവർ പറഞ്ഞ തുക താരത്തിന് കൊടുത്തിട്ട് ഉണ്ടെങ്കിൽ അത് അവർക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയായിരിക്കും. ഇവര്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, 25 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ. ഇദ്ദേഹം നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ വരുന്ന സമയത്ത്, ലൊക്കേഷനിൽ നിങ്ങൾ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരുകയോ ചെയ്‍തിട്ട് ഉണ്ടോ അത് കൂടി നിങ്ങൾ പറയണം, അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളത് എന്ന് നിങ്ങൾ ആരെങ്കിലും ചോദിച്ചോ, ചോദിച്ചാലും അദ്ദേഹം വേറെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല.

ഒരു നിർമാതാവിനും സംവിധായകനും ഏറ്റവും കൂടുതൽ ആവശ്യം അവരുടെ താരങ്ങൾ പറയുന്ന സമയത്ത് ലൊക്കേഷനിൽ എത്തുക എന്നത് തന്നെയാണ്. ഞാൻ വർക്ക് ചെയ്‍ത 'ചാവേർ' സിനിമയിൽ കുഞ്ചാക്കോ ബോബൻ ആണ് നായകൻ (വേറെയും നായകന്മാർ ഉണ്ട് ). 'ചാവേറെ'ന്ന ആ സിനിമയുടെ ചിത്രീകരണം 35 ദിവസത്തിൽ കൂടുതൽ രാത്രി ഫുൾ ഷൂട്ട് ഉണ്ടായിരുന്നു. എല്ലാവരും വൈകിട്ട് മൂന്ന് മണിക്ക് വന്നിട്ട് അടുത്ത ദിവസം രാവിലെയാണ് കഴിഞ്ഞു പോയിരുന്നത്. ഞാൻ ആ സിനിമയുടെ സമയത്ത് താരത്തെ കൂടുതൽ ബഹുമാനിക്കാൻ തുടങ്ങി. നമ്മൾ ഷൂട്ടിങ് ലൊക്കേഷനിൽ ഇത്ര മണിക്ക് വരണം എന്ന് പറഞ്ഞാൽ അദ്ദേഹം നേരത്തെ എത്തിയിരിക്കും. ഒരിക്കല്‍ ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞത് 12,30 ആയിരുന്നു അതിന്റെ അടുത്ത ദിവസം സിനിമയിൽ ചിത്രീകരിക്കേണ്ട സീൻ നേരം വെളുക്കുന്ന സമയത്ത് എടുക്കേണ്ടത് ആയിരുന്നു. അത് അദ്ദേഹത്തിനോട് പറയാൻ ഞങ്ങൾക്ക് ഉള്ളിൽ ഒരു വിഷമം ഉണ്ടായിരുന്നു. കാരണം ആറ് മണിക്ക് ചിത്രീകരിക്കണമെങ്കില്‍ സിനിമയിലെ മേക്കപ്പ് ഇടാൻ മാത്രം ഒന്നര മണിക്കൂർ വേണം, അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ നാല് മണിക്ക് അദ്ദേഹം ലൊക്കേഷനിൽ എത്തണം. എന്നാലേ രാവിലെ ഷൂട്ട് ചെയ്യാൻ കഴിയുകയുള്ളൂ, ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോയി ഈ കാര്യം പറഞ്ഞു. ഉടനെ എന്നോട് ചോദിച്ചു ആസാദ് ഭായ് എത്രെ മണിക്ക് ഞാൻ അവിടെ എത്തണം എന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കോളാം എന്ന്. അന്ന് പുലർച്ചെ അദ്ദേഹം പറഞ്ഞത് പോലെ നാല് മണിക്ക് എത്തി. ആ സമയത്ത് ബാക്കി ഉള്ളവർ കുറച്ച് വൈകിയാണ് ലൊക്കേഷനിൽ എത്തിയത്. എന്നിട്ടും അദ്ദേഹം നമ്മളോട് അതിന്റെ ഒരു വിഷമം പോലും പറഞ്ഞില്ല, പറഞ്ഞതുപോലെ രാവിലെ ആറ് മണിക്ക് സിനിമയുടെ ചിത്രീകരണം ആരംഭിച്ച അദ്ദേഹം ആ സീൻ കഴിയുന്നത് വരെ ഒന്ന് റെസ്റ്റ് എടുക്കാൻ കാരവനിൽ പോലും പോയില്ല. അതാണ് ചാക്കോച്ചൻ. പറയുന്ന സമയത്ത് സിനിമയുടെ ലൊക്കേഷനിൽ വരുന്ന നായകന്മാരുടെ പേര് ആലോചിക്കുമ്പോള്‍ ഉള്ളതിൽ ആദ്യം പറയുന്നത് കുഞ്ചാക്കോ ബോബൻ ആയിരിക്കും.

Read More: 'കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുന്നു', ഫോട്ടോയുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios