64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്; ആടുജീവിതത്തിലെ 'ഹക്കി'മിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് കെ ആര്‍ ഗോകുൽ
ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് താന്‍ ആടുജീവിതത്തിന്‍റെ ഭാഗമായതെന്ന് ഗോകുല്‍
ആടുജീവിതം കൈയടി നേടുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് അതിലെ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് പൃഥ്വിരാജ് എല്ലാവരാലും അഭിനന്ദിക്കപ്പെടുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റ് രണ്ട് പേരും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീന്‍ ലൂയിസും ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആര്‍ ഗോകുലുമാണ് അത്. ഇപ്പോഴിതാ ഹക്കിമിനെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് പറയുകയാണ് ഗോകുല്‍.
ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് താന്‍ ആടുജീവിതത്തിന്‍റെ ഭാഗമായതെന്ന് ഗോകുല്‍ പറയുന്നു. 2017 ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഗോകുലിനെ ബ്ലെസി കണ്ടെത്തുന്നത്. കൊച്ചിയില്‍ വച്ച് നടത്തിയ ഓഡിഷനിലാണ് ഈ നടന്‍ ബ്ലെസിയെന്ന സംവിധായകനെ അത്ഭുതപ്പെടുത്തിയത്. മരുഭൂമിയില്‍ പെട്ടതിന് ശേഷമുള്ള ഹക്കിമിനെ വിശ്വസനീയമാക്കാനായി 20 കിലോ ശരീരഭാരമാണ് ഗോകുല്‍ കുറച്ചത്. "ഞാനുമായി സാമ്യമുള്ള കഥാപാത്രമാണ് ഹക്കിം. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ കഷ്ടപ്പാട് പിടിച്ച ഒരു പരിപാടി ആയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചു. ഹക്കിം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു പത്ത് ശതമാനമെങ്കിലും ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ എനിക്ക് എങ്ങനെയാണ് അവനെ അവതരിപ്പിക്കാന്‍ പറ്റുക എന്ന തോന്നല്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നു", ഗോകുല്‍ പറയുന്നു
"നൈറ്റ് ഷൂട്ടില്‍ കുത്തുന്ന തണുപ്പും രാവിലെ ഷൂട്ട് ചെയ്യുമ്പോള്‍ കുത്തുന്ന ചൂടുമാണ് ഉണ്ടായിരുന്നത്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും രാജുവേട്ടനും ജിമ്മി സാറും മുഖം മറയ്ക്കാതെയാണ് നിന്നത്", ഗോകുല്‍ വിവരിക്കുന്നു. അതേസമയം ഏറ്റവും വേഗത്തില്‍ 50 കോടി കളക്ഷന്‍ നേടിയ മലയാള ചിത്രമാണ് നിലവില്‍ ആടുജീവിതം.