KPAC Lalitha : 'ആ സിനിമ ചെയ്യാന്‍ സമയമുണ്ടാവുമെന്ന് കരുതി'; വിങ്ങലടക്കി ദുല്‍ഖര്‍

ഒരുമിച്ച് അഭിനയിക്കണമെന്ന് കെപിഎസി ലളിത എപ്പോഴും തന്നോട് പറഞ്ഞ സിനിമയെക്കുറിച്ച് ദുല്‍ഖര്‍

kpac lalitha death dulquer salmaan remembrance

കെപിഎസി ലളിത (KPAC Lalitha) എന്ന തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയുടെ വിയോഗത്തിന്‍റെ ആഘാതത്തിലാണ് മലയാള സിനിമാലോകം. ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിച്ച പല കഥാപാത്രങ്ങളെയുംപോലെ സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്കൊന്നും കാട്ടാത്ത പ്രകൃതമായിരുന്നു അവരുടേത്. അതിനാല്‍ പ്രായഭേദമന്യെ സിനിമയിലെ പല തലമുറകളോടും അടുപ്പമുള്ള സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കാനായി അവര്‍ക്ക്. ഇപ്പോഴിതാ തനിക്ക് എത്രത്തോളം പ്രിയങ്കരിയായ ആളെയാണ് നഷ്ടമായതെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan). ലളിതയെ അവസാനമായി കണ്ടപ്പോഴുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖറിന്‍റെ കുറിപ്പ്.

ഒരുമിച്ച് അഭിനയിക്കുമ്പോഴത്തെ ഏറ്റവും മികച്ച കൂട്ടാളി. ഒരു സഹ അഭിനേതാവിനോട് തോന്നിയ ഏറ്റവും വലിയ സ്നേഹം ഇവരോടാണ്. ഒരു നടി എന്ന നിലയില്‍ അവര്‍ ഒരു മാജിക് ആയിരുന്നു. മുഖത്തെ പുഞ്ചിരി പോലെ അനായാസമായി തന്‍റെ പ്രതിഭയെ കൊണ്ടുനടന്ന നടി. ഇത്രയും സജീവമായി മറ്റൊരു രംഗത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം എഴുതിവച്ചതിനെ അതിശയിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുമായിരുന്നു അവര്‍. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. കെട്ടിപ്പിടുത്തവും ഉമ്മകളുമൊന്നും എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് പറയുമായിരുന്നു. സമയം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നത്, ദുല്‍ഖര്‍ കുറിച്ചു.

മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്‍റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ രാത്രി 10.20നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ്  ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി.  കെ എസ് സേതുമാധവന്റെ  കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 700ല്‍ അധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. ശ്രീക്കുട്ടി മകളാണ്.  കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. 

മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം രാമപുരത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും  ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്.  പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു.

Latest Videos
Follow Us:
Download App:
  • android
  • ios