നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം നസീര്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്.
ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസറീനെ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നടൻ കോട്ടയം നസീറിന് ആൻജിയോപ്ലാസ്റ്റി ചെയ്‍തു. ഐസിയുവിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‍തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മിമിക്രിയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് കോട്ടയം നസീര്‍. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ കോട്ടയം നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന ഒരു ഇനം ആദ്യം അവതരിപ്പിക്കുന്നതും കോട്ടയം നസീറാണ്. ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേയനാണ്. 'മിമിക്സ് ആക്ഷൻ 500' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീല്‍ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനായ കോട്ടയം നസീര്‍ ഏഷ്യാനെറ്റില്‍ 'കോമഡി ടൈം' എന്ന പ്രോഗ്രാമും കൈരളി ടിവിയില്‍ 'കോട്ടയം നസീര്‍ ഷോ' എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു.അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി നായകനായി ഹിറ്റ് ചിത്രം 'റോഷാ'ക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച ക്യാരക്ടര്‍ റോളായിരുന്നു കോട്ടയം നസീറിന്.
നിരവധി ഹിറ്റ് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായും കോട്ടയം നസീര്‍ ഭാഗമായിട്ടുണ്ട്. 'എന്തിരൻ', 'മദ്രാസപട്ടണം' എന്നീ ചിത്രങ്ങളില്‍ കൊച്ചിൻ ഹനീഫയ്‍ക്ക് വേണ്ടി ഡബ്ബ് ചെയ്‍തത് കോട്ടയം നസീറായിരുന്നു. 'താളമേള'ത്തില്‍ ജഗതിക്ക് വേണ്ടിയും 'മാട്ടുപ്പെട്ടി മച്ചാനി'ല്‍ കൊച്ചു പ്രേമനു വേണ്ടിയും 'ക്യാംപസി'ലും 'വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്ടി'ലും നരേന്ദ്ര പ്രസാദിനു വേണ്ടിയും കോട്ടയം നസീര്‍ ഡബ്ബ് ചെയ്‍തിട്ടുണ്ട്. ഇവരെയൊക്കെ അതിഗംഭീരമായി നിരവധി വേദിയിലും താരം അനുകരിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മിമിക്രി വിഭാഗത്തില്‍ ലഭിച്ചത് കോട്ടയം നസീറിന് മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.