മുത്തപ്പന്‍റെ കഥയുമായി സാമ്യമുള്ള സിനിമ; 'കാെറഗജ്ജ' മലയാളത്തിലും

സുധീർ അത്താവാർ സംവിധാനം ചെയ്‍ത ചിത്രം

korajja movie to be released on january

കന്നഡ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്ത കൊറഗജ്ജ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. സക്സസ് ഫിലിംസ്, ത്രിവിക്രമ സിനിമാസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം കേരളത്തിലെ മുത്തപ്പന്റെ കഥയുമായി സാമ്യമുണ്ടെന്ന് പറയപ്പെടുന്ന കൊറഗജ്ജന്‍റെ കഥയാണ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. 

ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗം രാജി വച്ചാണ് സുധീർ അത്താവാർ ഈ ചിത്രം സംവിധാനം ചെയ്യാനായി ഇറങ്ങിത്തിരിച്ചത്. തുടർന്ന് ഒന്നര വർഷം, പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തനിയ എന്ന ആദിവാസി യുവാവ് 'കാെറഗജ്ജ'നായി ദൈവികത്വം പ്രാപിച്ചതെങ്ങനെയെന്ന് പഠനം നടത്തി. മുത്തപ്പനും കാെറഗജ്ജനും ഒന്നാണെന്നും പറയുന്നവരുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുമുണ്ട്. കബീർ ബേദി, ഫ്രഞ്ച് സിനിമകളുടെ കാെറിയോഗ്രാഫറും യൂറോപ്യൻ ബാൾ ഡാൻസറുമായ സന്ദീപ് സോപർക്കർ, ബോളിവുഡിലെ പ്രശസ്തനായ നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത താരം ഭവ്യ, 'സ്വന്തം എന്ന് കരുതി' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടി ശ്രുതി തുടങ്ങിയവർ കാെറഗജ്ജ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. ശ്രുതി മമ്മൂട്ടിക്കൊപ്പം ഒരാൾ മാത്രം എന്ന ചിത്രത്തിലും ജയറാമിനൊപ്പം കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന
സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പട്ടീല്‍ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കന്നട, തുളു
ഭാഷകളിലെ പ്രശസ്ത നാടക അഭിനേതാവ് കൂടിയാണ് നവീൻ. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എറണാകുളത്താണ് കൊറഗജ്ജയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അധികവും നടക്കുന്നത്. ശബ്ദമിശ്രണം മുംബൈയിൽ പുരോഗമിക്കുന്നു. മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ മനോജ് പിള്ളയും പവൻ കുമാറും ചേർന്ന് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ലവ കുശയാണ് ഗ്രാഫിക്സ്. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ലിജു പ്രഭാകറാണ്
കളറിസ്റ്റ്. ജിത്-ജോഷ്, വിദ്യാധർ ഷെട്ടി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

സൗണ്ട് ഡിസൈൻ ബിപിൻ ദേവ്. ഇങ്ങനെ മലയാളസിനിമയിലെ പ്രഗത്ഭരായ ടെക്നീഷ്യന്മാരുടെ ആത്മാർത്ഥമായ ശ്രമങ്ങളും കൊറഗജ്ജ എന്ന
എന്ന സിനിമയുടെ പിന്നിലുണ്ട്. അന്താരാഷ്ട്ര നിലയിൽ പ്രശസ്തനായ സംവിധായകൻ എം എസ് സത്യുവിന്റെ ചിത്രങ്ങളിൽ ഗാനരചയിതാവും 
സഹസംവിധായകനുമായിരുന്ന സുധീർ അത്താവാർ ഇതിനോടകം മൂന്ന് റേഡിയോ മിർച്ചി അവാർഡുകളും ബിഗ്എഫ്. എം 92.7 
അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. നാടകത്തിലായിരുന്നു കലാ ജീവിതത്തിന്റെ തുടക്കം. സുധീർ അത്താവാറിന്റെ ഗുൽ എ ബകാവലി എന്ന നാടകം എട്ടാമത്തെ വേൾഡ് തിയറ്റര്‍ ഒളിമ്പിക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മികച്ച സംവിധായകനുള്ള അവാർഡ് നേടിയിട്ടുണ്ട്. കൊറഗജ്ജയിൽ കലാസംവിധായകനായും കോസ്റ്റ്യൂം ആന്റ് മേക്കപ്പ് ഡിസൈനറായും സുധീർ അത്താവാർ പ്രവർത്തിച്ചിട്ടുണ്ട്. ജനുവരിയിൽ കൊറഗജ്ജ കേരളത്തിലും പ്രദർശനത്തിനെത്തുന്നു. പിആർഒ എ എസ് ദിനേശ്, വിവേക് വിനയരാജ്.

ALSO READ : ഇതുവരെ കാണാത്ത റോളില്‍ ദേവ് മോഹന്‍; 'പരാക്രമം' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios