വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്
സുധീർ അത്താവര്‍ സംവിധാനം ചെയ്യുന്ന ചിത്രം
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ എന്ന ചിത്രം പ്രതിസന്ധികൾ തരണം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്നു. കർണാടകയിലെ കറാവലി ഭാഗത്തെ (തുളുനാട്) ദൈവാരാധനയിലെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ 10 -15 വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാക്കളും സംവിധായകരും കൊറഗജ്ജ എന്ന ടൈറ്റിൽ സ്വന്തമാക്കുന്നതിനായും കൊറഗജ്ജയെക്കുറിച്ചുള്ള സിനിമകൾ ചെയ്യുന്നതിനായും ശ്രമിച്ചിരുന്നു. എന്നാൽ ഒന്നും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സിനിമ റിലീസിന് തയ്യാറാക്കിയിരിക്കുന്നത്. ഇത് സിനിമാപ്രേമികൾക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
നാലായിരത്തോളം ദൈവങ്ങളെ ആരാധിക്കുന്ന കർണാടകയിലെ ഒരു വിഭാഗം ആളുകൾ, പ്രത്യേകിച്ച് തുളുനാട്ടിൽ നിന്നുള്ള ആളുകൾ, തങ്ങളുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നതാണെന്ന് പ്രസ്താവിച്ച് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടെ ഗുണ്ടകൾ ആക്രമിച്ചതിനാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും നിർത്തിവെക്കേണ്ടി വന്നിരുന്നു. ഷൂട്ടിംഗ് മുടങ്ങിയതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും വന്നു. സക്സസ് ഫിലിംസും ത്രിവിക്രമ സിനിമാസും ചേർന്ന് മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ടെലികോം മിനിസ്ട്രിയിൽ ഐ.ടി.എസ് പദവി നേടി ഉന്നത ശ്രേണിയിലെ ഉദ്യോഗസ്ഥനായിരുന്ന സുധീർ അത്താവാർ ചിത്രീകരണത്തിനായി തന്റെ ജോലി പോലും രാജിവെച്ച് സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. ഏകദേശം 800 വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തനിയ എന്ന ആദിവാസി യുവാവ് കൊറഗജ്ജനായി ദൈവികത്വം സ്വീകരിച്ചത് എങ്ങനെയെന്ന് പഠനം നടത്തിയശേഷം 'ബൂട്ട കോല' (ബ്ലോക്ക്ബസ്റ്റർ 'കാന്താര'യിൽ കണ്ടത് പോലെയുള്ള ഷാമനിസ്റ്റിക് നൃത്തം) അവതരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണത്തിനായി അനുവാദം വാങ്ങിയത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ടെന്നു പറയപ്പെടുന്നു. ചിത്രത്തിൽ ബോളിവുഡിലെ പ്രശസ്ത അഭിനേതാവായ കബീർ ബേദി പ്രധാന കഥാപാത്രമായ ഉദ്യാവര അരശു എന്ന രാജാവായി അഭിനയിക്കുന്നു. ഹോളിവുഡ് - ബോളിവുഡ്, ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യൻ ബോൾ ഡാൻസറുമായ സന്ദീപ് സോപാർക്കർ, ബോളിവുഡിലെ പ്രശസ്തനായ നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത നടി ഭവ്യ,
"സ്വന്തം എന്ന് കരുതി" എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രുതി എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രുതി മമ്മൂട്ടിക്കൊപ്പം ഒരാൾ മാത്രം എന്ന സിനിമയിലും ജയറാമിനൊപ്പം കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പട്ടേലും ഈ സിനിമയിലുണ്ട്. മലയാള സിനിമയിലെ സാങ്കേതികവിദഗ്ധർ അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജയ്ക്കുണ്ട്.
ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിംഗ് ജിത്- ജോഷ്, വിദ്യാദർ ഷെട്ടി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ ബിബിൻ ദേവ്, വിഎഫ്എക്സ് ലവൻ -കുശൻ, കളറിസ്റ് ലിജു പ്രഭാകർ, പി ആർ ഓ മഞ്ജു ഗോപിനാഥ്.
ALSO READ : സംഗീതം നവനീത്; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനമെത്തി